മുഴുനീള കോമഡിയുമായി സുരാജ് വെഞ്ഞാറമൂടും ബാലു വർഗീസും; റൺ മാമാ റൺ ചിത്രീകരണം ഉടൻ ആരംഭിക്കും
text_fieldsഏറെ ഇടവേളക്കു ശേഷം സമ്പൂർണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന റൺ മാമാ റൺ എന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമൂട് മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ക്വീൻ ഐലന്‍റ് എന്ന പാശ്ചാത്യ സംസ്ക്കാരമുള്ള ഒരു ദ്വീപിൽ നിരവധി പ്രശ്നങ്ങളും, ചില്ലറ തരികിട പരിപാടികളുമായി ജീവിക്കുന്ന എഡിസൺ എന്ന യുവാവ്. എഡിസന്‍റെ ജീവിതത്തിലേക്ക് ഗുരുതരമായ ചില പ്രശ്നങ്ങളുമായി എത്തുന്ന മരുമകൻ ഗബ്രി. അമ്മാവന്‍റേയും മരുമകന്‍റേയും പ്രശ്നപരിഹാര ശ്രമങ്ങളുടെ രസകരമായ മുഹൂർത്തങ്ങളുടെയുള്ള ചലച്ചിത്രാവിഷ്കാരമാണ് ചിത്രം.
കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്‍റെ ഹരമായി മാറിയ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ കുറച്ചു നാളുകളായി കോമഡിയിൽ നിന്നും വഴിമാറി സീരിയസ് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അതിനു താൽക്കാലിക വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ മുഴുനീള കോമഡി ചിത്രത്തിലെത്തുന്നത്. ഗബ്രിയെ അവതരിപ്പിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ബാലു വർഗീസാണ്.
സുരാജ് വെഞ്ഞാറമൂടും, ബാലു വർഗീസും ചേർന്ന് നർമത്തിന്‍റെ തീപ്പൊരി പാറിക്കുകയാണ് ചിത്രത്തിലൂടെ. ബാബുരാജ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, ഉണ്ണിരാജ, സുധീർ പറവൂർ, സാജൻ പള്ളുരുത്തി, പങ്കജ് ജാ, എന്നിവർക്കൊപ്പം ജനാർദ്ദനനും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്റ്റോറി ലാബ് മൂവീസിന്‍റെ ബാനറിൽ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. രജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും.
ഗാനങ്ങൾ - ഹരി നാരായണൻ, സുഹൈൽ കോയ. സംഗീതം - ഗോപി സുന്ദർ. ഛായാഗ്രഹണം - കിരൺ കിഷോർ. എഡിറ്റിങ് -വി. സാജൻ. കലാ സംവിധാനം - ഷംജിത്ത് രവി. കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ. മേക്കപ്പ് - റോണക്സ് സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ. ഡിസംബർ പതിനഞ്ചിന് കൊച്ചിയിൽ ആരംഭിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയിലും കൊൽക്കത്തയിലുമായി പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

