കാമറാമാൻ വേണുവും രേണുകയും വീണ്ടും എത്തുന്നു; റൺ ബേബി റൺ റീ റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsകാമറാമാൻ വേണുവിനൊപ്പം രേണുക വീണ്ടും പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നു. മാധ്യമ രംഗത്തെ രണ്ട് പ്രധാനികളുടെ കൗതുകവും, ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ പറയുന്ന ചിത്രമാണ് റൺ ബേബി റൺ. സച്ചിയുടെ ശക്തമായ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, അമലാപോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി പതിനാറിന് ചിത്രം പ്രദർശനത്തിനെത്തും.
സച്ചി-സേതു ജോഡി വേർപിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു ഇത്. ബിജു മേനോൻ, വിജയരാഘവൻ, സായ്കുമാർ സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം പതിമൂന്നുവർഷങ്ങൾക്കു ശേഷമാണ് നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെത്തുന്നത്. ഗ്യാലക്സി ഫിലിംസിന്‍റെ ബാനറിൽ മിലൻ ജലീൽ നിർമിച്ച ചിത്രം 4k അറ്റ്മോസിൽ എത്തിക്കുന്നത് റോഷിക എന്‍ററെർപ്രൈസസ് ആണ്.
ആർ.ഡി. രാജശേഖരനാണ് ഛായാഗ്രാഹകൻ. സംഗീതം - ജെയ്ക്ക് ബിജോയ്സ്. 'ഛോട്ടാ മുംബൈ', 'രാവണപ്രഭു' എന്നീ മോഹൻലാൽ ചിത്രങ്ങൾ റീ റിലീസായി തിയറ്ററുകളിലെത്തിയിരുന്നു. മോഹൻലാലിന്റെ അവിസ്മരണീയമായ അതിഥി വേഷമുള്ള 'സമ്മർ ഇൻ ബെത്ലേഹേം' എന്ന ചിത്രവും റീ-റിലീസ് ചെയ്തു. ‘റിപ്പീറ്റ് വാല്യൂ’ പഴയകാല മോഹൻലാൽ ചിത്രങ്ങളുടെ വലിയ സവിശേഷതയാണ്. കാണുന്നവരെ ഒട്ടും മടുപ്പിക്കാത്ത, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളുടെ റീറിലീസുകൾ ഹിറ്റാകുന്നത് ഇതിന് തെളിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

