ചിത്രീകരണത്തിനായി കറങ്ങുന്ന സെറ്റുകളും അമേരിക്കൻ ലെൻസും; 40 ലക്ഷം മുടക്കി 2.5 കോടി നേടിയ 'കുട്ടിച്ചാത്തൻ' മാജിക്!
text_fieldsമലയാള സിനിമയിൽ എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട ഒരു ചിത്രം ഏതാണെന്ന ചോദ്യത്തിന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത് ജിജോ പുന്നൂസിന്റെ 1984 ക്ലാസിക് ചിത്രം 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്നാണ്. മുംബൈയിൽ നടന്ന 16-ാമത് എക്സ്പ്രെസ്സോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ നാഴികക്കല്ലായ ഈ ചിത്രത്തിന് പിന്നിൽ കൗതുകം നിറഞ്ഞ ഒരു ചരിത്രമുണ്ട്.
'നമ്മുടെ സിനിമകൾ എക്കാലത്തും മികച്ചതാണെങ്കിലും സിനിമാ നൊസ്റ്റാൾജിയ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഞാൻ 'മൈ ഡിയർ കുട്ടിച്ചാത്തൻ' തിരഞ്ഞെടുക്കുന്നു,' പൃഥ്വിരാജ് പറഞ്ഞു. ഇത് ഇന്ത്യയിലെ ആദ്യത്തെ 3D ചിത്രമാണെന്ന കാര്യം പലർക്കും അറിയണമെന്നില്ലെന്നും മലയാള സിനിമ അക്കാലത്തുതന്നെ ഇത്തരം വലിയ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഘുനാഥ് പലേരിയുടെ രചനയിൽ നവോദയ സ്റ്റുഡിയോയുടെ ബാനറിൽ നിർമിച്ച ഈ ഫാന്റസി ചിത്രം മാന്ത്രികത നിറഞ്ഞ ഒരു കുട്ടിച്ചാത്തനും മൂന്ന് കുട്ടികളും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പറഞ്ഞത്.
ഈ ചിത്രം കേരളത്തിൽ ചരിത്രവിജയം നേടുകമാത്രമല്ല ചെയ്തത് 1998-ൽ 'ഛോട്ടാ ചേതൻ' എന്ന പേരിൽ ചില പുതിയ സീനുകളോടെ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തപ്പോഴും വലിയ തരംഗം സൃഷ്ടിച്ചു. പിന്നീട് ഇതിന്റെ മറ്റൊരു പതിപ്പിൽ പ്രമുഖ നടി ഊർമിള മാട്ടോണ്ട്കറും പ്രധാന വേഷത്തിലെത്തിയിരുന്നു.
സ്റ്റീവൻ സ്പീൽബ്രംഗിന്റെ 'ജോസ്' (1975) സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ ജിജോ ഈ ചിത്രത്തിലേക്ക് എത്തിയത്. ഷൂട്ടിങിന് മുൻപ് 3D സാങ്കേതികവിദ്യ പഠിക്കാൻ അദ്ദേഹം പലതവണ അമേരിക്ക സന്ദർശിക്കുകയുണ്ടായി. കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ വെച്ച് ഏകദേശം 90 ദിവസങ്ങൾകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ശബ്ദലേഖനവും മറ്റ് സാങ്കേതിക ജോലികളും ചെന്നൈയിലായിരുന്നു നടന്നത്.
ചിത്രം റിലീസിനായി തയാറായപ്പോൾ കേരളത്തിലെ തിയറ്ററുകളിൽ 3D പ്രദർശനത്തിനുള്ള സൗകര്യമൊരുക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. അമേരിക്കയിൽ നിന്ന് പോളറോയ്ഡ് ജെലാറ്റിനും പ്രത്യേക ലെൻസുകളും ഇറക്കുമതി ചെയ്താണ് നവോദയ സ്റ്റുഡിയോ തിയറ്ററുകളെ ഇതിനായി സജ്ജമാക്കിയത്.
വെറും 40 ലക്ഷം രൂപ മാത്രം മുതൽമുടക്കിൽ നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ തരംഗമായി മാറി. ഇളയരാജയുടെ സംഗീതത്തിൽ ഒരുങ്ങിയ "ആലിപ്പഴം പെറുക്കാൻ..." എന്ന ഗാനത്തിൽ കുട്ടിച്ചാത്തനും കുട്ടികളും ഭിത്തിയിലൂടെ നടക്കുന്ന രംഗം പ്രേക്ഷകരെ അമ്പരപ്പിച്ചു. സ്റ്റാൻലി കുബ്രിക്കിന്റെ '2001: എ സ്പേസ് ഒഡീസി'യിലും പിന്നീട് ക്രിസ്റ്റഫർ നോളന്റെ 'ഇൻസെപ്ഷൻ' സിനിമയിലും കണ്ടതുപോലെയുള്ള കറങ്ങുന്ന സെറ്റുകൾ ഇതിനായി അണിയറപ്രവർത്തകർ നിർമിച്ചിരുന്നു.
ലോകമെമ്പാടുമായി ഏകദേശം 85,000 പ്രദർശനങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഏകദേശം 2.5 കോടി രൂപ കലക്ഷൻ നേടിയ ചിത്രം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി. സാങ്കേതിക വിദ്യയിലും ഭാവനയിലും ഒരുപോലെ വിസ്മയം തീർത്ത 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ നാഴികക്കല്ലുകളിൽ ഒന്നായി നിലകൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

