കാന്താരയിലെ വരാഹരൂപം കോപ്പിയടിച്ചതല്ല; വിവാദങ്ങൾക്ക് മറുപടിയുമായി റിഷഭ് ഷെട്ടി
text_fieldsകാന്താരയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയടിച്ചതല്ലെന്ന് ചിത്രത്തിലെ സംവിധായകനും അഭിനേതാവുമായ റിഷഭ് ഷെട്ടി. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തില ഗാനം കോപ്പിയടിച്ചതല്ലെന്നും തൈക്കുടം ബ്രിഡ്ജ് ഉന്നയിച്ച പരാതിക്കെതിരെ സിനിമയുടെ നിർമാണ കമ്പനി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുകയാണെന്നും നടൻ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ നടൻ കൂടുതൽ പ്രതികരിച്ചിട്ടില്ല.
അതേസമയം കാന്താരയിലെ വരാഹരൂപം തങ്ങളുടെ 'നവരസം' എന്ന ഗാനത്തിന്റെ ടൈറ്റില്‍ ഗാനത്തിന്റെ കോപ്പിയടിയാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് രംഗത്ത് എത്തിയിരുന്നു.
നിയമനടപടി തേടിയതിനെ തുടർന്ന് ഗാനം, തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. കാന്താര ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളായ ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക്, ജിയോസാവന്‍ എന്നിവയെയാണ് ഈ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്.
കന്നഡ ചിത്രമായ കാന്താര മലയാളത്തിൽ എത്തിച്ചത് നടൻ പൃഥ്വിരാജിന്റെ നിർമാണ കമ്പനിയാണ്. കൊച്ചിയിൽ എത്തിയ റിഷഭ്, പൃഥ്വിരാജിനും നന്ദി അറിയിച്ചിരുന്നു. ചിത്രം കണ്ട ശേഷം പൃഥ്വിരാജ് അഭിനന്ദിച്ചുവെന്നും റിലീസിന് മുന്‍പ് കണ്ടിരുന്നെങ്കില്‍ കാന്താര പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാന്‍ ആവശ്യപ്പെട്ടേനെ എന്ന് അദ്ദേഹം പറഞ്ഞതായി റിഷഭ് വ്യക്തമാക്കി