സിനിമ ചെയ്തത് വ്രതമെടുത്ത്, ഭൂതക്കോലം കെട്ടിയതിന് ശേഷം തേങ്ങ വെള്ളമല്ലാതെ മറ്റൊന്നും കഴിച്ചില്ല, കാന്താരയിലെ അനുഭവം പങ്കുവെച്ച് റിഷഭ് ഷെട്ടി
text_fieldsഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യൻ സിനിമാലോകം ആഘോഷമാക്കുകയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. കാടുമായി ചോർന്ന് നിൽക്കുന്ന അനുഷ്ഠാനങ്ങളേയും ദൈവിക സങ്കൽപ്പങ്ങളേയും ചേർത്തുനിർത്തുന്ന ഒരു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ റിഷഭ് ഷെട്ടിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
കന്നഡ സിനിമയിൽ സാധാരണ കണ്ടു വന്ന മാസ് മസാല പടങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു കാന്താര എത്തിയത്. ഇപ്പോഴിതാ കാന്താരയുടെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് അഭിനേതാവും സംവിധായകനുമായ റിഷഭ്. സിനിമയുടെ ചിത്രീകരണത്തിന് ഒരു മാസം മുമ്പ് തന്നെ മാംസാഹാരം കഴിക്കുന്നത് നിർത്തി. ചിത്രീകരിക്കുന്നതിനിടെ ശരീരത്തിന് പൊള്ളലേറ്റുവെന്നും താരം പറഞ്ഞു.
'കാന്താരയുടെ ചിത്രീകരണം കഠിനമായിരുന്നു. ഭൂതക്കോലം സീൻ ചിത്രീകരിക്കുന്നതിന് 20-30 ദിവസം മുമ്പ് തന്നെ മാംസാഹാരങ്ങൾ ഒഴിവാക്കി. ഭൂതക്കോലം ഇട്ടതിന് ശേഷം തേങ്ങ വെള്ളമല്ലാതെ മറ്റൊന്നും കഴിച്ചില്ല. സീക്വൻസ് ചെയ്യുന്നതിന് മുമ്പും ശേഷവും അവർ എനിക്ക് പ്രസാദം തരുമായിരുന്നു'- റിഷഭ് പറഞ്ഞു.
കൂടാതെ തീക്കനലിൽ നിന്നുള്ള സീൻ യഥാർഥത്തിൽ ചെയ്തതായിരുന്നെന്നും നടൻ കൂട്ടിച്ചേർത്തു. ചിത്രീകരണത്തിനിടെ ശരീരത്തിന് പൊള്ളലേറ്റു. വേദനാജനകമായ ഒരു ഷൂട്ടായിരുന്നു അത്, പക്ഷേ അപ്പൊഴൊക്കെ മനസിൽ അത് ചെയ്യണമെന്ന് മാത്രമായിരുന്നു- റിഷഭ് വ്യക്തമാക്കി.
സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തിയ കാന്താര ഇതിനോടകം തന്നെ 250 കോടി കളക്ഷൻ നേടിയിട്ടുണ്ട്. 16 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം കന്നഡ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

