കാന്താരയുടെ രണ്ടാം ഭാഗം 2024ൽ; പഞ്ചുരുളിയിലെ ശക്തിയുടെ കഥ
text_fields2022ൽ ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ചിത്രമാണ് റിഷഭ് ഷെട്ടിയുടെ കാന്താര. സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഭാഷാവ്യത്യാസമില്ലാതെ ഏറ്റെടുക്കുകയായിരുന്നു. കന്നഡയിൽ പ്രദർശനത്തിനെത്തിയ ചിത്രം പിന്നീട് മറ്റുള്ള ഭാഷകളിലും റിലീസ് ചെയ്തിരുന്നു.
ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സിനിമയുടെ നിർമാതാവ് വിജയ് കിരഗണ്ഡൂർ. കാന്താരയിലെ പഞ്ചുരുളി ദൈവ എന്ന മിത്തിനെ അടിസ്ഥാനമാക്കി പ്രീക്വല്‍ ഒരുങ്ങുന്നുവെന്നാണ് നിർമാതാവ് പറയുന്നത്. ഡെഡ്‍ലൈനാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
'ചിത്രത്തിന്റെ രചന റിഷഭ് ഷെട്ടി ആരംഭിച്ചിട്ടുണ്ട്. കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനായി അദ്ദേഹവും സഹ രചയിതാക്കളും വനത്തിലേക്ക് പോയിരിക്കുകയാണ്. സിനിമക്ക് ഒരു മഴക്കാലം ആവശ്യമുള്ളതിനാൽ ജൂൺവരെ ചിത്രീകരണത്തിനായി കാത്തിരിക്കണം. 2024 ഏപ്രിലിൽ,മെയ് മാസത്തിൽ ഒരു പാന്‍ ഇന്ത്യന്‍ റിലീസായി എത്തിക്കാനാണ് ആലോചിക്കുന്നത്'- നിർമാതാവ് പറഞ്ഞു.
'കാന്താരയുടെ ആദ്യഭാഗം വലിയ വിജയമായതുകൊണ്ട് തന്നെ ഒരു രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. ചിത്രത്തിൽ പുതിയ ചില കഥാപാത്രങ്ങൾ കൂടി ഉണ്ടായിരിക്കു'മെന്ന് നിർമാതാവ് കൂട്ടിച്ചേർത്തു.