റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് വർണാഭമായ തുടക്കം
text_fieldsറെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയായ ജിദ്ദ അൽ ബലദിലെ കൾചർ സ്ക്വയർ
ജിദ്ദ: സൗദി അറേബ്യയുടെ ചരിത്രപ്രസിദ്ധ തുറമുഖ നഗരമായ ജിദ്ദയെ ചലച്ചിത്ര ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം പതിപ്പിന് വ്യാഴാഴ്ച്ച വർണാഭമായ തുടക്കമായി. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രതിഭകളെയും പ്രേക്ഷകരെയും ഒരുമിപ്പിക്കുന്ന ഈ മേള ഡിസംബർ 13 വരെ നീളും. ജിദ്ദയിലെ യുനെസ്‌കോ ലോക പൈതൃക സ്ഥലമായ അൽ ബലദിലെ കൾചർ സ്ക്വയറാണ് മേളയുടെ പ്രധാന വേദി.
ഉദ്ഘാടന ദിനങ്ങളിലെ താരസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ബോളിവുഡ് താരമായ ഐശ്വര്യ റായ് ബച്ചൻ മേളയിലെ ‘ഇൻ കൺവെർസേഷൻ’ സെഷനിൽ പങ്കെടുത്തു. ക്രിസ്റ്റൻ ഡൺസ്റ്റ്, ക്വീൻ ലത്തീഫ, ഡക്കോട്ട ജോൺസൺ തുടങ്ങിയ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പ്രമുഖരും മേളയിൽ പങ്കെടുക്കുന്നുണ്ട്. ലോകമെമ്പാടു നിന്നുള്ള ശ്രദ്ധേയമായ സിനിമകളാണ് മേളയിൽ പ്രദർശനത്തിനെത്തുന്നത്. അറബ് ലോകം, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യുവ ചലച്ചിത്ര പ്രവർത്തകരുടെ സൃഷ്ടികൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു.
70-ലധികം രാജ്യങ്ങളിൽനിന്നുള്ള 138 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. ഇതിൽ 100-ലധികം ഫീച്ചർ ഫിലിമുകളും ഹ്രസ്വചിത്രങ്ങളുമുണ്ട്. 38 ചിത്രങ്ങൾ ലോക പ്രീമിയറുകളാണ്. ഇത്തവണ 16 ചിത്രങ്ങളാണ് ഒരു ലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കുന്ന ‘യുസ്‌ർ അവാർഡി’നായി മത്സരിക്കുന്നത്. ചലച്ചിത്ര പ്രദർശനങ്ങൾ കൂടാതെ ചലച്ചിത്ര നിർമാണത്തെക്കുറിച്ചുള്ള സെമിനാറുകൾ, പരിശീലന ശിൽപശാലകൾ, പ്രമുഖരുമായുള്ള സംഭാഷണങ്ങൾ തുടങ്ങിയ വിപുലമായ പരിപാടികളും മേളയുടെ ഭാഗമായി നടക്കും.
സിനിമ നിർമാണത്തിനുള്ള പുതിയ സഹകരണങ്ങൾക്കും ധനസഹായങ്ങൾക്കുമായി റെഡ് സീ സൂഖ് എന്ന ചലച്ചിത്ര വിപണിയും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. അറബ് ലോകത്തെ സിനിമാവ്യവസായത്തിന് മികച്ച പിന്തുണ നൽകാനും പ്രാദേശിക പ്രതിഭകളെ ആഗോള വേദിയിൽ എത്തിക്കാനും മേള ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

