‘ഞങ്ങൾക്കും ഒരു കാർ’; ആർ.ഡി.എക്സ് നായകർ നിർമാതാവിന്‍റെ വീട്ടിൽ
text_fieldsഓണ റിലീസുകളിൽ വമ്പൻ കലക്ഷനുമായി മുന്നേറുകയാണ് ആർ.ഡി.എക്സ്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ അഭിനയിച്ച ചിത്രം ബോക്സ് ഓഫീസുകളിൽ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒമ്പത് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ഏറ്റവും വേഗത്തിൽ ബോക്സ് ഓഫീസിൽ 50 കോടി നേടുന്ന ചിത്രങ്ങളുടെ പട്ടികയിലും ആർഡിഎക്സ് ഇടംപിടിച്ചു കഴിഞ്ഞു.
ഈ വിജയത്തിനെടെയാണ് ആർഡിഎക്സ് താരങ്ങൾ പങ്കുവച്ച ചിത്രം വൈറലായത്. പ്രൊഡ്യൂസർ സോഫിയ പോളിനൊപ്പമുള്ള ചിത്രമാണ് ആന്റണി വർഗീസ് പങ്കിട്ടത്. ആന്‍റണിക്ക് ഒപ്പം നീരജ് മാധവും ഷെയ്ന്‍ നിഗവുമുണ്ട്. ജയ്‌ലർ സിനിമ ഹിറ്റ് ആയപ്പോൾ രജനി സാറിനു ബിഎംഡബ്ല്യൂ കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
‘ജയ്‌ലർ സിനിമ ഹിറ്റ് ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും…. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ… പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ…’ എന്നാണ് ചിത്രത്തിനൊപ്പം ആന്റണി കുറിച്ചിരിക്കുന്നത്.
ജയിലർ 600 കോടി കലക്ഷൻ പിന്നിട്ടപ്പോൾ നായകൻ രജനിക്ക് ബി.എം.ഡബ്ല്യുവും സംവിധായകൻ നെൽസന് പോർഷെയും നിർമാതാക്കൾ സമ്മാനിച്ചിരുന്നു. ഇതിനെ ഓർമിപ്പിച്ചാണ് മലയാളത്തിന്‍റെ യുവതാരങ്ങളുടെ കുറിപ്പും ഫോട്ടോയും.
ഓഗസ്റ്റ് 25നാണ് ആർഡിഎക്സ് തീയേറ്ററിലെത്തിയത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ്. ബാബു ആന്റണിയും പ്രധാന വേഷത്തിൽ എത്തിയ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് യുകെ, അയർലന്റ് എന്നീ വിദേശ രാജ്യങ്ങളിലും ആർഡിഎക്സ് പ്രദർശനത്തിന് എത്തിയിരുന്നു.