
ആർ.ഡി.എക്സ് ഒ.ടി.ടി റിലീസിന്?; സ്ഥിരീകരിക്കാതെ നിർമാതാക്കൾ
text_fieldsഓണം റിലീസായെത്തി തിയേറ്ററുകളിൽ ആവേശം നിറച്ച ചിത്രമാണ് ആർ.ഡി.എക്സ്. ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമ ദുൽഖർ ചിത്രം ‘കിങ് ഓഫ് കൊത്ത’, നിവിൻ പോളി ചിത്രം ‘രാമചന്ദ്ര ബോസ്സ് & കോ ‘ എന്നിവയെ പിന്നിലാക്കി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ ഏറ്റവും പുതിയ കലക്ഷൻ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ആഗോളതലത്തിൽ 80 കോടിയോളം രൂപയാണ് ചിത്രം ഇതുവരെ കളക്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും മാത്രം ചിത്രം 50 കോടിയിലേറെ കളക്റ്റ് ചെയ്തെന്നും സൂചനയുണ്ട്.
ആർ.ഡി.എക്സ്തിയേറ്ററിൽ കണ്ടവരും ഇതുവരെ കാണാൻ സാധിക്കാത്തവരുമൊക്കെ ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ആഗസ്റ്റ് 25ന് തീയറ്ററുകളിലെത്തിയ ആർ.ഡി.എക്സിന്‍റെ ഒ.ടി.ടി റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ചിത്രം സെപ്റ്റംബർ 22 ഓടെ നെറ്റ്ഫ്ളിക്സിൽ റിലീസിനെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ റിലീസ് ഡേറ്റിനെ കുറിച്ച് ഇതുവരെ നെറ്റ്ഫ്ളിക്സോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ സ്ഥിരീകരിച്ചിട്ടില്ല.
മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ആർ.ഡി.എക്സ് നിർമ്മിച്ചത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധായകൻ.
ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർക്കൊപ്പം ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.