ഗോവിന്ദയെപ്പോലൊരു നടനെ ഇതുവരെ കണ്ടുകാണില്ല; അദ്ദേഹത്തിന് സിനിമയിൽ സംഭവിച്ചത്, കരിയറിന്റെ തകർച്ചയെക്കുറിച്ച് രവീണ
text_fieldsനടൻ ഗോവിന്ദയുടെ സിനിമ കരിയറിന്റെ തകർച്ചയെക്കുറിച്ച് നടി രവീണ ടണ്ടൻ. മികച്ച അഭിനേതാവാണെന്നും എന്നാൽ ബോളിവുഡ് അദ്ദേഹത്തെ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഗോവിന്ദയെപ്പോലെ കഴിവുള്ള ഒരു നടനെ ഇൻഡസ്ട്രി ഇതുവരെ കണ്ടു കാണില്ല. എന്നാൽ അദ്ദേഹത്തെ സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല. പ്രേക്ഷകരെ ചിരിപ്പിക്കാനും കരയിപ്പിക്കാനും അദ്ദേഹത്തിന് അറിയാം. അധികം ആയാസമില്ലാതെ ഒരു രംഗം കോമഡിയിൽ നിന്ന് ഇമോഷണൽ ആക്കി മാറ്റാനുള്ള കഴിവ് ഗോവിന്ദക്കുണ്ട്. കോമഡി ടൈമിംഗിനെക്കുറിച്ച് എനിക്കറിയാവുന്നതെല്ലാം ഞാൻ ഗോവിന്ദയിൽ നിന്ന് പഠിച്ചതാണ്. അദ്ദേഹത്തിന് പകരം മറ്റൊരാളില്ല- രവീണ പറഞ്ഞു.
തൊണ്ണൂറുകളിലെ ബോളിവുഡിലെ സൂപ്പർ ഹിറ്റ്ജോഡികളായിരുന്നു ഗോവിന്ദയും രവീണ ടണ്ടനും. ഇരുവരും ഒന്നിച്ചെത്തിയ രാജാജി, ദുൽഹെ രാജ, ആന്റി നമ്പർ സാൻഡ്‌വിച്ച്, അങ്കിയോൻ സെ ഗോലി മാരേ തുടങ്ങിയ ചിത്രങ്ങൾ വൻ വിജയം നേടിയിരുന്നു. സഹപ്രവർത്തകർ എന്നതിൽ ഉപരി അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
ഒരു ഇടവേളക്ക് ശേഷം അഭിനയത്തിൽ സജീവമായിട്ടുണ്ട് രവീണ. വൺ ഫ്രൈഡേ നൈറ്റ് എന്ന ത്രില്ലർ ചിത്രത്തിലാണ് രവീണ അവസാനമായി അഭിനയിച്ചത്. കർമ്മ കോളിങ് എന്ന വെബ് സീരീസാണ് ഇനി രവീണയുടെ പുതിയ പ്രൊജക്ട്. ജനുവരി 26 ന് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും . കൂടാതെ, അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, ദിഷ പടാനി എന്നിവർക്കൊപ്പം വെൽക്കം ടു ദി ജംഗിൾ എന്ന ആക്ഷൻ കോമഡി ചിത്രവും റിലീസിനെത്തുന്നുണ്ട്.

