‘അസഹ്യമായ ചോരക്കളി, ഈ സിനിമ മാന്യതയുടെ അതിരുകൾ ലംഘിക്കുന്നു, യുവമനസ്സുകളെ വിഷലിപ്തമാക്കും’; രൂക്ഷ വിമർശനവുമായി ധ്രുവ് റാഠി
text_fieldsരണ്‍വീർ സിങ് നായകനായി ആദിത്യ ധർ സംവിധാനം ചെയ്യുന്ന 'ധുരന്ധർ'എന്ന ചിത്രത്തിന്‍റെ ട്രെയിലറിലെ രക്തരൂഷിത അക്രമങ്ങളെയും, അസഹ്യമായ രംഗങ്ങളെയും വിമർശിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. രണ്‍വീർ സിങ്ങിന്റെ 'ധുരന്ധർ' മാന്യതയുടെ അതിരുകൾ ലംഘിക്കുന്നുവെന്നാണ് ധ്രുവ് റാഠി എക്സിൽ കുറിച്ചത്. അക്രമം സാധാരണവൽക്കരിക്കുകയും യുവതലമുറയുടെ മനസ്സിനെ വിഷലിപ്തമാക്കുകയും ചെയ്യുന്നു ഈ സിനിമയെന്ന് ധ്രുവ് കുറ്റപ്പെടുത്തുന്നു.
“രണ്‍വീർ സിങ്ങിന്റെ 'ധുരന്ധർ' മാന്യതയുടെ അതിരുകൾ ലംഘിക്കുന്നു. ബോളിവുഡിലെ നിലവാരമില്ലായ്മയുടെ അതിരുകടന്നിരിക്കുന്നു ആദിത്യ ധർ. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ സിനിമയുടെ ട്രെയിലറിൽ കാണിച്ചിരിക്കുന്ന അമിതമായ അക്രമവും, ഭീകരതയും, പീഡനവും ഐസിസ് തലവെട്ടുന്നത് കണ്ട് 'വിനോദം' എന്ന് പറയുന്നതിന് തുല്യമാണ്. പണത്തോടുള്ള അദ്ദേഹത്തിന്‍റെ ആർത്തി നിയന്ത്രണാതീതമാണ്. അതുകൊണ്ടുതന്നെ, യുവതലമുറയുടെ മനസ്സിനെ വിഷലിപ്തമാക്കാനും, അക്രമം സാധാരണവൽക്കരിക്കാനും സങ്കൽപ്പിക്കാൻ കഴിയാത്ത പീഡനങ്ങളെ മഹത്വവൽക്കരിക്കാനും അദ്ദേഹം തയാറാകുന്നു” എന്നാണ് ധ്രുവ് എക്സിൽ കുറിച്ചത്.
വിമർശനത്തിന്‍റെ തുടർച്ചയായി സെൻസർ ബോർഡിനെയും ധ്രുവ് കുറ്റപ്പെടുത്തി. “ആളുകൾ ചുംബിക്കുന്നതിനോടാണോ അതോ ഒരാളുടെ തൊലിയുരിക്കുന്നത് കാണുന്നതിനോടാണോ സെൻസർ ബോർഡിന് കൂടുതൽ പ്രശ്നമെന്ന് തെളിയിക്കാൻ ലഭിച്ച ഒരവസരമാണിത്” എന്നാണ് ധ്രുവിന്റെ പ്രതികരണം. ട്രെയിലറിലെ ഒരു രംഗമാണ് ധ്രുവ് പ്രത്യേകമായി പരാമർശിച്ചത്. അതിൽ പ്രതിനായകൻ (അർജുൻ രാംപാൽ) തന്‍റെ ശത്രുവിന്‍റെ ദേഹത്ത് ചങ്ങലകൾ ഘടിപ്പിച്ച് പീഡിപ്പിക്കുന്നത് കാണിക്കുന്നുണ്ട്. അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രം ഉൾപ്പെടെയുള്ള മറ്റ് കഥാപാത്രങ്ങളും ശത്രുക്കളെ ക്രൂരമായി കൊല്ലുന്നതും ട്രെയിലറിലുണ്ട്. ധുരന്ധറിന്‍റെ ട്രെയിലർ രൺവീർ സിങ്ങിന്‍റെ ഏറ്റവും അക്രമാസക്തമായ ചിത്രമായിട്ടാണ് തനിക്ക് തോന്നുന്നത്’ -ധ്രുവ് പറഞ്ഞു.
അക്രമം ചിത്രീകരിച്ച രീതിയുടെ പേരിൽ വിമർശനം ഏറ്റുവാങ്ങുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് 'ധുരന്ധർ'. ഈ വിമർശനത്തിന്‍റെ ചൂട് ആദ്യമായി അനുഭവിച്ച ചിത്രങ്ങളിലൊന്ന് നിഖിൽ നാഗേഷ് ഭട്ടിന്‍റെ 'കിൽ' ആയിരുന്നു. ലക്ഷ്യ ലാൽവാനിയും രാഘവ് ജുയാലും അഭിനയിച്ച ഈ സിനിമയിൽ, ഭീകരമായ അക്രമസീനുകൾ ഉൾപ്പെട്ട തീവ്രമായ ആക്ഷൻ രംഗങ്ങളുണ്ടായിരുന്നു. രൺബീർ കപൂറിന്‍റെ 'ആനിമലും' അക്രമത്തെ മഹത്വവൽക്കരിച്ചു. അതിന് വേണ്ടി സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ നിലകൊള്ളുകയും ചെയ്തിരുന്നു.
ഈ രണ്ട് സിനിമകളുടെയും ആക്ഷൻ കൊറിയോഗ്രാഫിക്കും കഥാഖ്യാനത്തിനും നിരവധി നിരൂപകരിൽ നിന്ന് പ്രശംസ ലഭിച്ചെങ്കിലും അവയിലെ അക്രമം പലർക്കും തർക്കവിഷയമായി തുടർന്നു. ഇന്ത്യൻ സിനിമകളിൽ എന്ത് ഉൾപ്പെടുത്തണം, എന്ത് പാടില്ല എന്നതിനെക്കുറിച്ചുള്ള സെൻസർ ബോർഡിന്‍റെ നിലപാട് ചില കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. അക്രമാസക്തമായ നിരവധി രംഗങ്ങളോ അശ്ലീല സംഭാഷണങ്ങളോ സിനിമയുടെ അന്തിമ പതിപ്പിൽ ഇടം നേടുമ്പോൾ ചുംബന രംഗങ്ങളും മതപരമായ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും പലപ്പോഴും നീക്കം ചെയ്യപ്പെടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

