ഡോൺ 3യിൽ നിന്ന് രൺവീർ സിങ് പിന്മാറി! പകരം ഹൃത്വിക് റോഷനോ?
text_fieldsഫർഹാൻ അക്തറിന്റെ ഡോൺ 3 വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ചിത്രത്തിലെ പ്രധാന താരനിരയിൽ വീണ്ടും മാറ്റം വന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഫ്രാഞ്ചൈസിയെ മുന്നോട്ട് നയിക്കാൻ അനുയോജ്യമായ നടനെ നിർമാതാക്കൾ തിരയുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത.
ഷാരൂഖ് ഖാൻ ഡോൺ ഫ്രാഞ്ചൈസിയിൽ നിന്ന് മാറിയതിനുശേഷം, പുതിയ ഡോണായി അഭിനയിക്കാൻ ഫർഹാൻ അക്തർ രൺവീർ സിങ്ങിനെ കൊണ്ടുവന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സമീപകാല അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത് രൺവീർ ഈ പ്രോജക്റ്റിൽ നിന്ന് പിന്മാറിയെന്നാണ്. കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും നിർമാതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. രൺവീറിൽ നിന്നോ ഡോൺ 3 ടീമിൽ നിന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഐക്കണിക് വേഷം ഏറ്റെടുക്കാൻ ഹൃത്വിക് റോഷന്‍റെ പേര് ഉയർന്നുവന്നിട്ടുണ്ട്. ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഇതുവരെ ഒന്നും അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും സൃഷ്ടിച്ച പാരമ്പര്യത്തിലേക്ക് ചുവടുവെക്കേണ്ടതിനാൽ, നിർമാതാക്കൾക്ക് താരമൂല്യമുള്ള വ്യക്തിയെ വേണമെന്ന് റിപ്പോർട്ടുണ്ട്.
എന്നാൽ ഡോൺ 3ക്കായി ഹൃത്വിക് ചർച്ചകൾ നടത്തിയിട്ടില്ലെന്നും ടീമുമായി ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഒരു പുതിയ നായകന് അനുയോജ്യമായ രീതിയിൽ സ്‌ക്രിപ്റ്റിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഹൃത്വിക് ഒരു മികച്ച തെരഞ്ഞെടുപ്പാകുമെങ്കിലും ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അസത്യമാണ് എന്നാണ് വൃത്തങ്ങൾ അറിയിച്ചത്.
2006-ൽ ഡോൺ എന്ന ചിത്രത്തിലേക്ക് ഹൃത്വിക് റോഷൻ ആയിരുന്നു തന്റെ ആദ്യ ചോയ്‌സ് എന്ന് ഫർഹാൻ അക്തർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. റീമേക്ക് ആശയം ഹൃത്വിക്കുമായി ചർച്ച ചെയ്തിരുന്നതായും എന്നാൽ പിന്നീട് ഷാരൂഖ് ഖാനാണ് ഈ വേഷത്തിന് കൂടുതൽ അനുയോജ്യമെന്ന് തോന്നിയതായും അദ്ദേഹം പങ്കുവെച്ചു. ഹൃത്വിക് ചിത്രം ഏറ്റവും മികച്ച രീതിയിൽ നിർമിക്കാൻ തന്നെ പ്രോത്സാഹിപ്പിച്ചതെന്നും ഫർഹാൻ ഓർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

