
സഖാവ് കമലയായി റാണിയമ്മ
text_fieldsകുടുംബ പ്രേക്ഷകർക്കിടയിൽ കുറഞ്ഞ കാലം കൊണ്ടു തന്നെ ഇഷ്ടതാരമായി മാറിയ അഭിനേത്രിയാണ് നിഷാ മാത്യു. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിലൂടെയാണ് ഇവർ മലയാള ചലച്ചിത്ര ലോകത്തേക്ക് വരുന്നത്. അഭിനയം പാഷനായി കൊണ്ടുനടന്നിരുന്ന താരം തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളോട് നീതി പുലർത്തുന്നതു കൊണ്ടാണ് നെഗറ്റീവ് കഥാപാത്രമായ റാണിയമ്മയെ സ്വീകരണമുറിയിൽ കുടുംബ പ്രേക്ഷകർ സ്വീകരിച്ചത്.
കൂടെവിടെ എന്ന ജനകീയ പരമ്പരയിലെ റാണിയമ്മയ്ക്ക് ജീവൻ നൽകിയത് നിഷാ മാത്യുവാണ്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'പടച്ചോനേ.... ഇങ്ങള് കാത്തോളീ....' എന്ന ചിത്രത്തിൽ സഖാവ് കമല എന്ന ശക്തയായ കഥാപാത്രമായി അഭിനയിക്കുകയാണ് നിഷാ മാത്യു.
പത്ത് വർഷങ്ങൾക്ക് മുമ്പ് ഷട്ടർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നിഷാ മാത്യു ഹരിശ്രീ കുറിക്കുമ്പോൾ ബിജിത്ത് ബാല ഷട്ടർ എന്ന ചിത്രത്തിന്‍റെ അസോസിയേറ്റും എഡിറ്ററുമായിരുന്നു. ഷട്ടറിന്‍റെ ചിത്രീകരണം കോഴിക്കോടായിരുന്നു. പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനും കോഴിക്കോടായത് ഇന്നാട്ടുകാരായ ബിജിത്തിനും നിഷയ്ക്കും ഏറെ സന്തോഷം നൽകുന്നു.
കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം നിഷാ മാത്യുവിന്‍റെ പത്താമത്തെ ചിത്രമാണ്. റിലീസിനൊരുങ്ങുന്ന ഒതേഴ്സ് (others) എന്ന ചിത്രത്തിൽ നിഷാ മാത്യുവിന്‍റെ പൂജ എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ്.
നല്ലൊരു ചിത്രകാരികൂടിയാണ് നിഷാ മാത്യു. വിദേശത്തും സ്വദേശത്തും നിരവധി ബിസിനസുള്ള താരം ഒരേസമയം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും വ്യത്യസ്ത കഥാപാത്രങ്ങളായി പകർന്നാടുകയാണ്.
വെള്ളം', 'അപ്പന്‍' എന്നീ സിനിമകള്‍ക്കു ശേഷം ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രമാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ'.
ശ്രീനാഥ് ഭാസിയും ആൻ ശീതളും ഗ്രേസ് ആന്‍റണിയുമാണ് മുഖ്യ താരങ്ങൾ. നിഷാ മാത്യുവിന് പുറമെ മാമുക്കോയ, ഹരീഷ് കണാരൻ, ബേസിൽ ജോസഫ്, അലൻസിയർ, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ, വിജിലേഷ്, പാഷാണം ഷാജി, ശ്രുതി ലഷ്മി, രസ്ന പവിത്രൻ, സോഹൻ സീനുലാൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, സരസ ബാലുശ്ശേരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.