രൺബീറും സായി പല്ലവിയും തമ്മിൽ 138 കോടിയുടെ വ്യത്യാസം! 'രാമായണ' പ്രതിഫലക്കണക്കുകൾ പുറത്ത്
text_fieldsനിതീഷ് തിവാരിയുടെ രാമായണയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ആരൊക്കെയാണെന്നത് നിർമാതാക്കൾ പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു. രാമനായി രൺബീർ കപൂറും സീതയായി സായി പല്ലവിയും രാവണനായി യാഷുമാണ് അഭിനയിക്കുന്നത്.
ലക്ഷ്മണനായി രവി ദുബെ, കൈകേയിയായി ലാറ ദത്ത, ഹനുമാനായി സണ്ണി ഡിയോൾ, മണ്ഡോദരിയായി കാജൾ അഗർവാൾ എന്നിവരുൾപ്പെടെ ഒരു മികച്ച താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗംഭീര താരനിര, ലോകോത്തര വി.എഫ്.എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിനായി രൺബീറിനും സായി പല്ലവിക്കും ലഭിച്ച പ്രതിഫലത്തിന്‍റെ കണക്കുകളാണ് പുറത്തുവരുന്നത്.
ചിത്രത്തിൽ രൺബീർ കപൂർ ആണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഓരോ ഭാഗത്തിനും താരം 75 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. രാമായണം രണ്ട് ഭാഗങ്ങളുള്ള ചിത്രമായതിനാൽ, രണ്ട് ഭാഗങ്ങളിലുമായി രൺബീറിന് 150 കോടി പ്രതിഫലമായി ലഭിക്കുമെന്നാണ് റിപ്പോർട്ട്.
സായ് പല്ലവിയും പ്രതിഫലം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. സാധാരണയായി ഒരു ചിത്രത്തിന് രണ്ടര മുതൽ മൂന്ന് കോടി രൂപ വരെയായിരുന്നു നടിയുടെ പ്രതിഫലം. രാമായണയുടെ ഒരു ഭാഗത്തിന് ആറ് കോടി രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് ഭാഗങ്ങളിലുമായി 12 കോടി ലഭിക്കും. അതായത് ചിത്രത്തിലെ രാമന്‍റേയും സീതയുടെയും പ്രതിഫലങ്ങൾ തമ്മിൽ 138 കോടിയുടെ വ്യത്യാസമാണ് ഉള്ളത്.
835 കോടി എന്ന വമ്പൻ ബജറ്റിലാണ് രാമായണം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 'രാമായണ' ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. ഹിന്ദുസ്ഥാൻ ടൈംസുമായുള്ള സംഭാഷണത്തിനിടെ നമിത് മൽഹോത്ര ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു. ഓപ്പൺഹൈമർ, ഫോറസ്റ്റ് ഗമ്പ് എന്നീ ചിത്രങ്ങൾ പോലെ രാമായണയും ആഗോള ശ്രദ്ധ നേടുമെന്നാണ് നമിത് വിശ്വസിക്കുന്നത്. എ.ആര്‍. റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സംഗീതം ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

