
ബോളിവുഡിൽ ബ്രഹ്മാണ്ഡ ചിത്രമായി ‘രാമായണം’ വരുന്നു
text_fieldsബോളിവുഡിൽ രാമായണത്തെ ആസ്പദമാക്കി മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി വരുന്നു. പ്രഭാസിന്റെ ആദിപുരുഷ് റിലീസിനൊരുങ്ങവേയാണ്, നിതീഷ് തിവാരിയുടെ ‘രാമായണം’ എന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. പ്രഭാസും സൈഫ് അലി ഖാനും കൃതി സനനും പ്രധാന കഥാപാത്രങ്ങളാകുന്ന ആദിപുരുഷിന്റെ ട്രെയിലർ പുറത്തുവന്നിട്ടുണ്ട്.
ദംഗൽ ഒരുക്കിയ നിതീഷ് തിവാരിയുടെ രാമായണത്തിൽ രൺബീർ കപൂർ രാമനും ആലിയ ബട്ട് സീതയുമായി എത്തുമെന്നാണ് സൂചനകൾ. അതേസമയം, ചിത്രത്തിൽ രാവണനായി കന്നഡ സൂപ്പർതാരം യാഷിനെ പരിഗണിക്കുന്നതായും ബോളിവുഡ് ട്രേഡ് അനലിസ്റ്റായ സുമിത് ഖേഡൽ ട്വീറ്റ് ചെയ്യുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ കെജിഎഫ് താരവുമായി ചർച്ചയിലാണെന്നാണ് വിവരം. ഈ വർഷം ഡിസംബറിൽ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയേക്കും.
നേരത്തെ ചിത്രത്തിൽ സായ് പല്ലവിയെയും ദീപിക പദുകോണിനെയും സീതയായി പരിഗണിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടക്കത്തിൽ ഹൃത്വിക് റോഷന്റെ പേരായിരുന്നു രാമനായി ഉയർന്നുകേട്ടിരുന്നത്.
അതേസമയം, ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിന്റെ ട്രെയിലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ആദ്യ ട്രെയിലറിനെതിരെ രൂക്ഷവിമർശനങ്ങളും ട്രോളും ഉയർന്നിരുന്നു. വി.എഫ്.എക്സിൽ മാറ്റം വരുത്തിയാണ് പുതിയ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതിലും പ്രേക്ഷകർ പൂർണ തൃപ്തരല്ലെന്ന് പുറത്തു വരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ജൂൺ 16 ന് ചിത്രം തിയറ്ററുകളിൽ എത്തും.