'രാമായണ'യിൽ രൺബീറും യാഷും ഒരുമിച്ചുള്ള സീനുകൾ കുറയും! 'ക്രിയേറ്റീവ് ചോയിസ്' വ്യക്തമാക്കി നിര്‍മാതാക്കള്‍
text_fieldsപ്രമുഖ നിർമാതാവായ നമിത് മൽഹോത്ര അണിയിച്ചൊരുക്കുന്ന രാമായണം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഗംഭീര താരനിര, ലോകോത്തര വി.എഫ്.എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമ രംഗത്തെ തന്നെ രണ്ട് വലിയ സൂപ്പർസ്റ്റാറുകളായ രൺബീർ കപൂർ ശ്രീ രാമനായും, യാഷ് രാവണനായും എത്തുകയാണ് സിനിമയിൽ, പക്ഷെ അവർ ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്ന ഭാഗങ്ങൾ കുറവാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
വാൽമീകിയുടെ രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിലുടനീളം വ്യത്യസ്തമായ വഴികളിലാണ് കഥാഗതി നീങ്ങുന്നത്. സീതയെ അപഹരിച്ച ശേഷം ലങ്കയിലെ യുദ്ധക്കളത്തിൽ വെച്ച് അവർ ഏറ്റുമുട്ടുന്നതുവരെ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നില്ല. ഇക്കാര്യങ്ങൾ ചിത്രത്തിൻറെ അടുത്ത വൃത്തങ്ങൾ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
രൺബീർ കപൂറിന്റെയും, യാഷിന്റെയും കഥാപാത്രങ്ങളുടെ വ്യത്യസ്ത ധ്രുവങ്ങളിലൂടെയുള്ള യാത്ര, ഇതിഹാസം ആവശ്യപ്പെടുന്ന ആഖ്യാനരീതികളിലൂടെ തന്നെ സ്‌ക്രീനിലെത്തിക്കാനുള്ള നിതീഷ് തിവാരിയുടെയും സംഘത്തിന്റെയും ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ധർമവും സദ്ഗുണങ്ങളും സഞ്ചരിക്കുന്ന ഒരു പാതയും, അധികാരവും അഹങ്കാരവും സഞ്ചരിക്കുന്ന മറ്റൊരു പാതയും തമ്മിൽ കഥാന്ത്യത്തിലുണ്ടാവുന്ന ഏറ്റുമുട്ടൽ തീർച്ചയായും പ്രേക്ഷകരേയും ആവേശത്തിന്റെ മൂർദ്ധന്യത്തിൽ എത്തിക്കുമെന്നതിൽ ഒരു സംശയവും വേണ്ട! സമയമേറെയെടുത്തുകൊണ്ടുള്ള ഇവരുടെ കഥാപാത്ര രൂപീകരണം കഥാന്ത്യത്തിൽ വരുന്ന ഇവരുടെ കൂടിക്കാഴ്ചയെ ഒന്നുകൂടെ ഉത്തേജിപ്പിക്കുന്നു.
സീതയായി സായ് പല്ലവിയും ഹനുമാൻ ആയി സണ്ണി ഡിയോളും യാഷിനൊപ്പം സ്‌ക്രീനിൽ വരുന്നുണ്ടെങ്കിലും, തീർച്ചയായും ശ്രീരാമന്റെ കഥാപാത്രമായി വരുന്ന രൺബീർ കപൂറുമൊത്തുള്ള രംഗങ്ങൾ തന്നെയാവും ചിത്രത്തിന്‍റെ പ്രധാന ആകർഷണം.
നിലവിൽ പ്രമുഖ ബോളിവുഡ് സംവിധായകനായ സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന പുതിയ ചിത്രത്തിൽ വിക്കി കൗശൽ, ആലിയ ഭട്ട് എന്നിവർക്കൊപ്പം ചിത്രീകരണത്തിലേർപ്പെട്ടിരിക്കുന്ന രൺബീർ. ഈ ചിത്രത്തിനായി രൺബീർ നിലർത്തിവരുന്ന പ്രേത്യേക ലുക്ക് ആണ് നിലവിൽ രാമായണത്തിന്റെ ചിത്രീകരണത്തിനായുള്ള താരത്തിന്റെ ലഭ്യതയെ പ്രതിസന്ധിയിലാക്കുന്നത്. ഒപ്പം നിർമാണഘട്ടത്തിൽ നേരിടുന്ന മറ്റുചില കാലതാമസങ്ങളും താരത്തിന്റെ തയാറെടുപ്പുകളെ ബാധിക്കുന്നു.
രണ്ട് ഭാഗങ്ങളായി നിർമിക്കപ്പെടുന്ന സിനിമയുടെ ചിത്രീകരണം മുംബൈയിലെ സെറ്റുകളിൽ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൻറെ ആദ്യ ഭാഗം 2026ലെ ദീപാവലിക്കും, രണ്ടാമത്തേത് 2027ലെ ദീപാവലിയിലും പ്രദർശനത്തിനെത്തും. രണ്ബീറിൻറെയും, യാഷിൻറെയും ഒരുമിച്ചുള്ള ഭാഗങ്ങൾ ഇത്തരത്തിൽ കുറച്ചത് രാമായണത്തിന്റെ അന്തസത്ത പരമാവധി ഈ ചിത്രത്തിൽ നിലനിർത്താനുള്ള നിർമാതാക്കളുടെ തീവ്രശ്രമമായി കണക്കാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

