ഇത് രാമന്റെ വാക്കാണ്! തീക്കാറ്റായ് രാവണൻ; ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മലയാളം ട്രെയിലർ പുറത്ത്
text_fieldsയാഷ്
ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' മലയാളം ട്രെയിലർ പുറത്ത്. സാങ്കേതിക തികവാർന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രമെന്ന് 2 മിനിറ്റ് 23 സെക്കൻ്റ് ദൈർഘ്യമുള്ള ട്രെയിലർ സൂചന നൽകുന്നുണ്ട്. നവംബർ 5നാണ് ആദ്യ ഭാഗത്തിൻ്റെ വേൾഡ് വൈഡ് റിലീസ്. ദസറ മുതൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങഅ ആരംഭിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ട്രെയിലർ ഇതിനകം ചലച്ചിത്ര ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമക്കായി അണിനിരക്കുന്നത്.
ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. സീതായായി സായ് പല്ലവി എത്തുമ്പോൾ, യാഷ് രാവണനായി ട ചിത്രത്തിൽ എത്തുന്നു. നടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്.
'ദംഗൽ' എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും, അതേസമയം ഇന്ത്യൻ വൈകാരികതയിലും സംസ്കാരത്തിലും ആഴത്തിൽ വേരൂന്നിയ കഥപറച്ചിൽ രീതിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വീകരിച്ചതുമായ പ്രശസ്ത സംവിധായകൻ നിതീഷ് തിവാരിയെയും, ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മൽഹോത്രയുടെ 'രാമായണ' ഒന്നിപ്പിക്കുകയാണ്.
ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്കർ ജേതാക്കളായഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഓസ്കർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. പിആർഒ ആതിര ദിൽജിത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

