എആർ റഹ്മാന്‍റെ ഈണത്തിൽ ‘ജയ് ജയ് റാം’; രാമായണത്തിന്‍റെ ആദ്യ ഗാനം പുറത്ത്
text_fieldsനിതീഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഇതിഹാസ ചിത്രം 'രാമായണ'ത്തിലെ ആദ്യ ഗാനമായ 'ജയ് ജയ് റാം' പുറത്തുവിട്ടു. ജേതാവ് എ.ആർ. റഹ്‌മാൻ ഈണത്തിന് വിനായക് ശശികുമാറാണ് മലയാളം വരികൾ രചിച്ചിരിക്കുന്നത്. ഹരിചരണും അമൃത രാജനും ചേർന്നാണ് ഗാനം ആലപിച്ചത്.
അതേ സമയം തലമുറകളായുള്ള വഴികാട്ടിയാണ് ശ്രീരാമനെന്നും ആ ബന്ധമാണ് 'ജയ് ജയ് റാം' എന്ന ഗാനത്തിന് പിന്നിലെന്നും നിർമാതാവ് നമിത് മൽഹോത്ര പറയുന്നു. പ്രാർഥനയും വ്യക്തിപരമായ അനുഭവവും നിലനിർത്തിക്കൊണ്ട് പാട്ടിനെ മാറ്റാന്‍ ശ്രമിച്ചുവെന്നും എ.ആർ. റഹ്‌മാനും വ്യക്തമാക്കി.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമക്കായി അണിനിരക്കുന്നത്. ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. സീതയായി സായ് പല്ലവി എത്തുന്നു. പ്രൈം ഫോക്കസ് സ്റ്റുഡിയോസിനൊപ്പം മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിലൂടെ ഈ ചിത്രം നിർമിക്കുന്ന യാഷ്, രാവണനായി ചിത്രത്തിൽ എത്തുന്നു.
മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.
'ദംഗൽ' എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും, അതേസമയം ഇന്ത്യൻ വൈകാരികതയിലും സംസ്കാരത്തിലും ആഴത്തിൽ വേരൂന്നിയ കഥപറച്ചിൽ രീതിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വീകരിച്ചതുമായ പ്രശസ്ത സംവിധായകൻ നിതീഷ് തിവാരിയെയും, ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മൽഹോത്രയുടെ 'രാമായണ' ഒന്നിപ്പിക്കുകയാണ്.
ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിങ്ങുമാണ് എത്തുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഓസ്കർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എട്ട് തവണ അക്കാദമി അവാർഡ് നേടിയ വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. ‘രാമായണം കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്‍റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന്’ നിർമാതാവ് നമിത് മൽഹോത്ര ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. പി.ആർ.ഒ ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

