വിവാദങ്ങൾക്കൊടുവിൽ രാം ചരണിന്‍റെ ‘പെദ്ധി’ ഒ.ടി.ടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
text_fieldsപെദ്ധി
രാം ചരണിന്റെ ഏറ്റവും പുതിയ സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ‘പെദ്ധി’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആർ.ആർ.ആറിന് ശേഷം രാം ചരൺ നായകനായെത്തിയ ഈ ചിത്രത്തിൽ ബോളിവുഡ് താരം ജാൻവി കപൂറാണ് നായികയായി എത്തുന്നത്. ഇരുവരും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രം കൂടിയാണ് പെദ്ധി.
നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഡിജിറ്റൽ പ്രീമിയറിന് തയാറെടുക്കുന്നത്. 2026 ജൂലൈ 9 മുതൽ ചിത്രം ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് സിനിമയുടെ റിലീസ് വിവരം പുറത്തുവിട്ടത്. ‘പെദ്ധി ജൂലൈ 9 മുതൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ കാണാം; ഹിന്ദി പതിപ്പ് ഉടൻ വരുന്നു’ എന്നായിരുന്നു നെറ്റ്ഫ്ലിക്സിന്റെ പോസ്റ്റ്.
ചിത്രത്തിന്റെ തെന്നിന്ത്യൻ ഭാഷകളെല്ലാം ഈ ആഴ്ച തന്നെ റിലീസ് ചെയ്യുമെങ്കിലും ഹിന്ദി പതിപ്പിനായി പ്രേക്ഷകർ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. തിയേറ്റർ റിലീസിന് ശേഷമുള്ള നിർബന്ധിത എട്ടാഴ്ചത്തെ വിൻഡോ പൂർത്തിയാക്കേണ്ടതിനാലാണ് ഹിന്ദി പതിപ്പ് വൈകുന്നത്. മുൻ റിപ്പോർട്ടുകൾ പ്രകാരം പെദ്ധിയുടെ ഹിന്ദി പതിപ്പ് 2026 ജൂലൈ 30ഓടെ മാത്രമേ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകൂ.
ജൂൺ 4നാണ് പെദ്ധി തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. രാം ചരണിന്റെ തകർപ്പൻ പ്രകടനവും അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസും ആരാധകർ ഏറ്റെടുത്തെങ്കിലും ചിത്രത്തിലെ നായിക ജാൻവി കപൂറിന് വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ജാൻവി കപൂർ അവതരിപ്പിച്ച 'അച്ചിയമ്മ' എന്ന കഥാപാത്രം പലയിടങ്ങളിലും അനാവശ്യമായി ലൈംഗികവൽക്കരിക്കപ്പെടുന്നുവെന്നാണ് പ്രധാന പരാതി. ചിത്രത്തിലെ സ്ത്രീവിരുദ്ധമായ രംഗങ്ങളും കാമറ ആംഗിളുകളും വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരിന്നു.
ദേശീയ അവാർഡ് ജേതാവായ ബുച്ചി ബാബു സന സംവിധാനം ചെയ്ത ഈ ചിത്രം ആന്ധ്രാപ്രദേശിലെ ഒരു ഉൾഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഗവൺമെന്റ് റെക്കോർഡുകളിൽ പോലും ഔദ്യോഗികമായി രേഖപ്പെടുത്താത്ത, അടിച്ചമർത്തപ്പെട്ട ഒരു ആദിവാസി ഗ്രാമത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. രാം ചരൺ അവതരിപ്പിക്കുന്ന 'പെദ്ധി' എന്ന കഥാപാത്രം, പണം സമ്പാദിക്കുന്നതിനായി ആദ്യം ഗ്രാമീണ ക്രിക്കറ്റ് കളിച്ചു തുടങ്ങുന്ന ഒരു സാധാരണ ദിവസവേതന തൊഴിലാളിയാണ്. എന്നാൽ കഥ മുന്നോട്ട് പോകുന്തോറും അദ്ദേഹം ഒരു മൾട്ടി-സ്പോർട്സ് അത്ലറ്റായി മാറുന്നു. തന്റെ ഗ്രാമത്തിന് സർക്കാർ അംഗീകാരവും, ഒരു റെയിൽവേ സ്റ്റേഷനും, മികച്ചൊരു ഭാവിയും നേടിയെടുക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പോരാട്ടമാണ് ചിത്രം പറയുന്നത്.
രാം ചരണിനും ജാൻവി കപൂറിനും പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കന്നഡ സൂപ്പർ താരം ശിവ രാജ്കുമാർ, ജഗപതി ബാബു, മിർസാപൂർ ഫെയിം ദിവ്യേന്ദു, ബൊമാൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയ പെദ്ധി ഒ.ടി.ടിയിലും വലിയ മുന്നേറ്റം നടത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

