‘ജനനായകന്’ പിന്നാലെ ‘ജയിലർ 2’; ദൃശ്യങ്ങൾ ചോർന്നു, കർശന നടപടിയുമായി നിർമാതാക്കൾ
text_fieldsചെന്നൈ: തമിഴ് സിനിമാ മേഖലയെ ഞെട്ടിച്ചുകൊണ്ട് രജനികാന്ത് ചിത്രം 'ജയിലർ 2' വിന്റെ ഷൂട്ടിങ് ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിടാത്ത വിഡിയോ ക്ലിപ്പുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായത്. സംഭവത്തിൽ നിർമാണ കമ്പനിയായ സൺ പിക്ചേഴ്സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
"ജയിലർ 2 വിന്റെ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആന്റി-പൈറസി ടീം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഇത്തരം ദൃശ്യങ്ങൾ പങ്കുവെക്കുന്ന അക്കൗണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നിങ്ങളുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെടാതിരിക്കാൻ ദയവായി ഈ വിഡിയോകൾ ഉപയോഗിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്," എന്ന് നിർമാണ കമ്പനി അറിയിച്ചു.
തമിഴ് സിനിമാ വ്യവസായത്തിന് ഇത് കനത്ത തിരിച്ചടിയാണ്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഒരു വൻകിട സിനിമയുടെ ദൃശ്യങ്ങൾ ചോരുന്നത്. ഏപ്രിൽ ആദ്യം ദളപതി വിജയ്‍യുടെ 'ജനനായകൻ' എന്ന ചിത്രത്തിന്റെ അഞ്ച് മിനിറ്റ് നീളുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഈ കേസിൽ ഒരു ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്റർ ഉൾപ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ രജനികാന്ത് ചിത്രവും പൈറസി ഭീഷണി നേരിടുന്നത്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ ഒന്നാം ഭാഗം 650 കോടിയിലധികം രൂപ കലക്ഷൻ നേടി വൻ വിജയമായിരുന്നു. ഇതിന്റെ തുടർച്ചയായ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം മാർച്ച് പത്തിനാണ് ചെന്നൈയിൽ ആരംഭിച്ചത്. വമ്പൻ ആക്ഷൻ രംഗങ്ങളോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ദൃശ്യങ്ങൾ ചോർന്നത് സിനിമയുടെ സസ്പെൻസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

