സഹോദരിയെ കുറിച്ചോർത്ത് അഭിമാനം; ലളിത് മോദി വിഷയത്തിൽ പ്രതികരിച്ച് സുസ്മിത സെന്നിന്റെ സഹോദരൻ
text_fieldsമുൻ വിശ്വസുന്ദരിയും നടിയുമായ സുസ്മിത സെന്നുമായി പ്രണയത്തിലാണെന്നുള്ള ഐ.പി. എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയുടെ ട്വീറ്റ് വലിയ ചർച്ചയാവുകയാണ്. നടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിമിഷ നേരം കൊണ്ടാണ് ട്വീറ്റും ചിത്രങ്ങളും വൈറലായത്.
ഡേറ്റിംങ് വാർത്ത കൊണ്ടുപിടിച്ച ചർച്ചയാകുമ്പോൾ വിഷയത്തെ കുറിച്ച് പ്രതികരിച്ച് സുസ്മിത സെന്നിന്റെ സഹോദരൻ രാജീവ് രംഗത്ത് എത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുസ്മിത സെന്നിനെ കുറിച്ച് വാചാലനായത്. ഒപ്പം സഹോദരങ്ങള കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയുടെ സത്യാവസ്ഥയും രാജീവ് വെളിപ്പെടുത്തി.
ലളിത് മോദിക്കൊപ്പമുളള ചിത്രങ്ങൾ സഹോദരിയെ മോശമായി ബാധിച്ചു. എന്നാൽ ഞാൻ എന്റെ സഹോദരിയെ കുറിച്ചോർത്ത് അഭിമാനിക്കുന്നു. നിരവധി ഇന്ത്യൻ ജനങ്ങൾക്ക് മാതൃകയാണവർ. ഒരു ഉത്തരവാദിത്വമുളള അമ്മയാണ്. തന്റെ മുൻഗണനകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതൊന്നും അവളിൽ നിന്ന് അകറ്റാൻ പറ്റില്ല. വിഷയത്തിൽ സഹോദരിക്ക് പറയാനുള്ളത് ഇൻസ്റ്റഗ്രാമിലൂടെ എല്ലാവരോടും പറഞ്ഞു -രാജീവ് സെൻ വ്യക്തമാക്കി.
ഡേറ്റിംങ് വാർത്ത പുറത്ത് വന്നതിന് പിന്നാലെ തനിക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു രാജീവിന്റെ പ്രതികരണം.
ഈ അടുത്ത കാലത്തായിരുന്നു രാജീവ് സെന്നും നടി ചാരുവും വിവാഹബന്ധം വേർപിരിഞ്ഞത് . ഇതിനെ തുടർന്ന് സുസ്മിത സഹോദരനെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തുവെന്ന് വാർത്തകൾ വന്നിരുന്നു. ചാരുവിനെ പിന്തുണച്ച് കൊണ്ടാണ് സഹോദരനെ ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കിയത് എന്നാണ് പ്രചരിച്ച റിപ്പോർട്ട്. എന്നാൽ അത് വ്യാജമാണെന്നാണ് രാജീവ് സെൻ പറയുന്നത്. സഹോദരി തന്നെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നില്ല. ആകെ ട്വിറ്ററിൽ മാത്രമാണ് ഫോളോ ചെയ്യുന്നത്. വളരെക്കാലമായി പിന്തുടരുന്നുണ്ടെന്നും രാജീവ് സെൻ കൂട്ടിച്ചേർത്തു.

