വിജയ് ആരാധകർക്ക് വീണ്ടും നിരാശ, ജനനായകൻ പൊങ്കലിന് മുമ്പ് എത്തില്ല; റിലീസ് തടഞ്ഞതിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
text_fieldsവിജയ്, രാഹുൽ ഗാന്ധി
വിജയ് ചിത്രം ജനനായകന്‍റെ റിലീസ് തിയതി വീണ്ടും മാറ്റി വെച്ചു. ആദ്യം ജനുവരി 9ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഈ ദിവസവും ചിത്രം റിലീസ് ചെയ്യില്ല എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച തർക്കമാണ് റിലീസ് വൈകാൻ പ്രധാന കാരണം. സെൻസർ ബോർഡിന്‍റെ നടപടികൾക്കെതിരെ നിർമാതാക്കൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി വിധി പറയുന്നത് ജനുവരി 9ലേക്ക് മാറ്റിയതോടെ നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തു. എന്നാൽ പൊങ്കലിനു മുമ്പും ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച വിധി എത്തില്ല. ഇതോടെ ആരാധകർ വീണ്ടും നിരാശയിലായി.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജനനായകൻ. ചിത്രത്തിന്‍റെ റിലീയ് തിയതി മാറ്റാൻ ഇടയായ സെൻസർ ബോർഡിന്‍റെ കർക്കശത്തിനെതിരെ പ്രധാന മന്ത്രിക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. ജനനായകന്റെ റിലീസ് തടയുന്നത് തമിഴ് സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.
'ജനനായകന്റെ റിലീസ് തടഞ്ഞു വെക്കുന്ന ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നടപടി തമിഴ് സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണ്. മിസ്റ്റര്‍ മോദി, തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല', രാഹുല്‍ ഗാന്ധി പറഞ്ഞു. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ഇതുവരെ സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് ആദ്യം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷവും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മനപ്പൂര്‍വം റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജനനായകന്റെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 500 കോടിയോളം രൂപ ചിലവിട്ടാണ് നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 5000ത്തോളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

