റിവഞ്ച് ത്രില്ലറുമായി ഹണിറോസ്; 'റേച്ചൽ' ട്രെയിലർ പുറത്ത്
text_fieldsഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന 'റേച്ചൽ' ട്രെയിലർ പുറത്ത്. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ്. ക്രിസ്മസ് റിലീസായി ഡിസംബർ 6ന് അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ നരേഷനിലൂടെയാണ് ട്രെയിലറിന്‍റെ തുടക്കം. പോത്തുപാറ ജോയിച്ചന്‍റേയും കുടുംബത്തേയും അയാളുടെ മൂത്ത മകൾ റേച്ചലിന്‍റേയും ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ സമർത്ഥിക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്.
പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.
ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

