'ചിലർ ഫ്ലാഷ് ലൈറ്റ് അടിച്ച് മെനു വായിക്കും, മറ്റുചിലർ പാനിപൂരി കഴിക്കും'; തിയറ്ററിൽ നേരിടേണ്ടിവരുന്നത് പലതരം വെല്ലുവിളികൾ -മാധവൻ
text_fieldsസിനിമ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആർ. മാധവൻ. മുമ്പ് മാധവൻ നൽകിയ അഭിമുഖത്തിലെ ചില പ്രസ്താവനകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. തിയറ്ററുകളിൽ സിനിമ കാണാൻ പോകുന്ന ആളുകളുടെ കാഴ്ചപാടുകൾ വ്യത്യസ്തമാണെന്നാണ് മാധവൻ പറയുന്നത്. വർധിച്ചു വരുന്ന ടിക്കറ്റ് നിരക്ക് തിയറ്ററിൽ സിനിമ കാണുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
'മുൻപ് തിയറ്ററിലേക്ക് പോകുമ്പോൾ പോപ്‌കോൺ, സമൂസ അല്ലെങ്കിൽ എന്തെങ്കിലും ഡ്രിങ്ക്സ് മാത്രമായിരുന്നു പ്രേക്ഷകർ കൊണ്ടുപോയിരുന്നത്. ഇന്ന് ട്രാഫിക്കും പാർക്കിങ്ങും കടന്ന് തിയറ്ററിലേക്ക് എത്തുന്നത് തന്നെ ഒരു ടാസ്ക് ആയി മാറിയിരിക്കുകയാണ്. ഒരു സമയത്ത് സിനിമ തുടങ്ങി കഴിഞ്ഞാൽ പിന്നെ പ്രേക്ഷകർ പുറത്തുപോയിരുന്നത് ഇന്റർവെലിന് മാത്രമായിരുന്നു. എന്നാൽ ഇന്ന് സിനിമ തുടങ്ങി കഴിയുമ്പോൾ മുതൽ ഫ്ലാഷ്ലൈറ്റും അടിച്ച് ആരെങ്കിലും മെനു വായിക്കുന്നുണ്ടാകും. അതുമല്ലെങ്കിൽ അടുത്ത സീറ്റിൽ ഒരാൾ ഇരുന്നു പാനിപൂരി കഴിക്കുന്നുണ്ടാകും. നല്ല സിനിമകൾ ലഭിക്കുന്നുന്നതിനോടൊപ്പം ഇത്തരം കാര്യങ്ങളോടും ഒരു പ്രേക്ഷകൻ പോരാടണം' -മാധവൻ പറഞ്ഞു.
പലപ്പോഴും കാർ പാർക്കിങ്ങിൽ നിന്ന് കാർ പുറത്തെടുക്കാൻ പോലും അര മണിക്കൂറോളം ക്യുവിൽ നിൽക്കേണ്ടി വരും. ഇതെല്ലാം തിയറ്ററിൽ സിനിമ കാണാനെത്തുന്ന പ്രേക്ഷകന് ട്രോമയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ടിക്കറ്റ് നിരക്കും കുടുംബപ്രേക്ഷകർക്ക് വെല്ലുവിളിയാണ്. സിനിമ കാണാൻ എത്തിയാൽ തന്നെ ടിക്കറ്റിന് ചിലവഴിച്ച പണത്തെചൊല്ലിയാവും അവർ കലഹിക്കുക. 1200 രൂപ ടിക്കറ്റിന് ചിലവായതിൽ അവർ നിരാശരാവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആപ്പ് ജൈസാ കോയി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ആർ. മാധവൻ ചിത്രം. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫാത്തിമ സന ഷെയ്ഖ്, മനീഷ് ചൗധരി, നമിത് ദാസ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ചിത്രത്തിലെ മാധവന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

