'രാമായണ'യുടെ റിലീസിന് പിന്നാലെ വിനോദ് കാപ്രിയുടെ 'പൈറി'ന്റെ പ്രദർശനം വെട്ടിക്കുറച്ചു; അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന
text_fieldsബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ റിലീസിന് പിന്നാലെ വിനോദ് കാപ്രി സംവിധാനം ചെയ്ത 'പൈറി'ന്റെ തിയറ്റർ പ്രദർശനങ്ങൾ 75 ശതമാനത്തോളം വെട്ടിക്കുറച്ചെന്ന് പരാതി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
വെറും 2.5 കോടി രൂപ ബജറ്റിൽ നിർമിച്ച 'പൈർ' ആദ്യം 80 സ്ക്രീനുകളിലാണ് പ്രദർശനം ആരംഭിച്ചത്. പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ സ്ക്രീനുകളുടെ എണ്ണം 400ഓളമായി ഉയർത്തി. എന്നാൽ 'രാമായണ' റിലീസ് ചെയ്തതോടെ പ്രദർശനങ്ങൾ നൂറിൽ താഴെയായി കുറഞ്ഞെന്നാണ് അസോസിയേഷൻ പറയുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിട്ടും സിനിമയുടെ പ്രദർശനങ്ങൾ വെട്ടിക്കുറച്ചതിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
വലിയ ബജറ്റ് ചിത്രങ്ങളുടെ റിലീസിനെ എതിർക്കുന്നില്ലെന്ന് എ.ഐ.സി.ഡബ്ല്യു.എ പ്രസിഡന്റ് സുരേഷ് ശ്യാംലാൽ ഗുപ്ത വ്യക്തമാക്കി. 'രാമായണ' പോലുള്ള വലിയ ചിത്രങ്ങൾ നൂറുകണക്കിന് കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും തൊഴിലവസരങ്ങൾ നൽകുന്നുണ്ട്. എന്നാൽ വലിയ സിനിമകളുടെ വരവ് പ്രേക്ഷകർ ഏറ്റെടുത്ത ചെറു സിനിമകളുടെ അവസരങ്ങൾ ഇല്ലാതാക്കരുതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ചെറിയ ബജറ്റ് സിനിമകൾക്ക് ന്യായമായ സ്ക്രീൻ വിഹിതം ഉറപ്പാക്കുന്ന നയം, സ്വതന്ത്ര സിനിമകൾക്കായി പരാതി പരിഹാര സംവിധാനം, 'പൈറി'ന്റെ പ്രദർശനം കുറഞ്ഞതിൽ നിഷ്പക്ഷ അന്വേഷണം എന്നിവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങൾ. തിയറ്റർ ഉടമകൾക്കോ വിതരണക്കാർക്കോ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും സിനിമയുടെ പ്രദർശനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, സിനിമക്ക് കൂടുതൽ പ്രദർശനങ്ങൾ ലഭിക്കുമെന്ന് സംവിധായകൻ വിനോദ് കാപ്രി അറിയിച്ചു. നവംബർ 13 മുതൽ 200ലധികം അധിക ഷോകൾ ഉൾപ്പെടുത്തുമെന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രേക്ഷകരുടെ പിന്തുണയാണ് സിനിമയെ കൂടുതൽ തിയറ്ററുകളിലെത്തിക്കാൻ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

