'പുഷ്പ'യുടെ പാർട്ടി ഇനി ജപ്പാനിൽ; പുഷ്പ 2 ജാപ്പനീസ് റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsഇന്ത്യയിൽ വൻ വിജയം നേടിയ അല്ലു അർജുൻ ചിത്രം പുഷ്പ 2 ജപ്പാനിൽ പ്രദർശനത്തിന് എത്തുകയാണ്. സുകുമാർ സംവിധാനം ചെയ്ത് രശ്മിക മന്ദാന നായികയായി എത്തിയ പുഷ്പ 2: ദി റൂൾ ഇന്ത്യയിൽ മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രം 2026 ജനുവരി 16നാണ് ജാപ്പനീസ് റിലീസിന് ഒരുങ്ങുന്നത്.
നിരവധി തെലുങ്ക് ചിത്രങ്ങൾ മുമ്പ് ജപ്പാനിൽ റിലീസ് ചെയ്തിട്ടുണ്ട്. എൻ.ടി.ആറിന്റെ ദേവര ജാപ്പനീസ് സ്‌ക്രീനുകളിൽ എത്തിയിരുന്നു. പ്രഭാസിന്റെ ചില ചിത്രങ്ങളും ജപ്പാനിൽ റിലീസ് ചെയ്തിട്ടുണ്ട്. അവിടെ തെലുങ്ക് താരങ്ങൾക്ക് ശക്തമായ ആരാധകവൃന്ദമുണ്ട്. ജാപ്പനീസ് പ്രേക്ഷകർ തെലുങ്ക് സിനിമയിൽ വലിയ താൽപ്പര്യം കാണിക്കുന്നു എന്നാണ് റിപ്പോർട്ട്.
പുഷ്പ 2വിന്‍റെ ജാപ്പനീസ് ഭാഷയിലുള്ള ട്രെയിലർ ഇതിനകം പുറത്തിറക്കി കഴിഞ്ഞു. തെലുങ്കിൽ മാത്രമല്ല ഹിന്ദിയിലും ചിത്രം ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. മുൻനിര ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളുടെ കലക്ഷനു തുല്യമായ കലക്ഷൻ പുഷ്പ 2 ഹിന്ദിയിൽ നേടി. മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച ചിത്രത്തിന്റെ തുടർച്ചയായ പുഷ്പ 3യും പ്രഖ്യാപിച്ചിട്ടുണ്ട്.
യു.കെ/അയർലൻഡ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയ സൗത്ത് ഇന്ത്യൻ ചിത്രമായും പുഷ്പ 2 ദി റൂൾ മാറിയിരുന്നു. പ്രഭാസ്-രാജമൗലി കൂട്ടുക്കെട്ടിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ റെക്കോഡാണ് പുഷ്പ പഴങ്കഥയാക്കിയത്. ആറ് ആഴ്ചയോളം വിദേശത്ത് ഒരു ഇന്ത്യൻ ചിത്രം തിയറ്ററിൽ ഓടി എന്ന ചരിത്രവും പുഷ്പ സൃഷ്ടിച്ചു.
2023 ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്ര 1800 കോടി രൂപ ആഗോളതലത്തിൽ നിന്ന് സമാഹരിച്ചിട്ടുണ്ട്. 50 ദിവസത്തെ ഇന്ത്യയിലെ കലക്ഷൻ 1230 കോടിയാണ്. 2021 ൽ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2 ദ് റൂൾ. തെലുങ്കിനെ കൂടാതെ മലയാളം, തമിഴ്, കന്നഡ, ബംഗാളി ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്. ആര്‍.ആര്‍.ആര്‍ (1230 കോടി), കെ.ജി.എഫ്: ചാപ്റ്റര്‍ 2 (1215 കോടി), ബാഹുബലി 2 (1790 കോടി) എന്നീ ചിത്രങ്ങളുടെ റെക്കോഡുകള്‍ 'പുഷ്പ 2: ദി റൂള്‍' മറികടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

