'പഞ്ചാബി ഹൗസിലെ ആദ്യ നായിക മറ്റൊരാൾ, പഞ്ചാബി ലുക്ക് ഇല്ലെന്ന കാരണത്താൽ ഒഴിവാക്കി' -നീന കുറുപ്പ്
text_fieldsറിലീസ് ചെയ്ത് കാൽനൂറ്റാണ്ടിലേറെയായിട്ടും പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായി തുടരുകയാണ് പഞ്ചാബി ഹൗസ്. ഇതിന് മുൻപും ശേഷവും നിരവധി കോമഡികൾ സിനിമ വന്നിട്ടുണ്ടെങ്കിലും, പഞ്ചാബി ഹൗസിനെ മറികടക്കാൻ ചുരുക്കം ചിലതിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. റാഫി-മെക്കാർട്ടിൻ ജോഡി ഒരുക്കിയ ഈ ചിത്രം മലയാളികളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നവയിൽ ഒന്നാണ്.
ദിലീപ് നായകനായ ചിത്രത്തിൽ മോഹിനി, ജോമോൾ എന്നിവരാണ് നായികമാരായത്. എന്നാൽ, ആ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് മോഹിനിയെ ആയിരുന്നില്ലെന്ന് നിങ്ങൾക്കറിയുമോ? മറ്റൊരു നായികയുമായി മൂന്ന് ദിവസത്തെ ചിത്രീകരണം നടന്നിരുന്നതായി നടി നീന കുറുപ്പ് പറയുന്നു. അവരുടെ രൂപം ഒരു പഞ്ചാബിയുടെ രൂപവുമായി സാമ്യമുള്ളതല്ലെന്ന് തോന്നിയതിനാൽ നായികയെ മാറ്റുകയായിരുന്നു എന്നും നീന പറഞ്ഞു.
മൈൽസ്റ്റോൺ മേക്കേഴ്‌സുമായുള്ള സംഭാഷണത്തിലാണ് വെളിപ്പെടുത്തൽ. 'യഥാർഥത്തിൽ, മോഹിനി ആദ്യത്തെ നായികയായിരുന്നില്ല. മറ്റൊരാൾ ആ വേഷം ചെയ്തിരുന്നു. ഏകദേശം മൂന്ന് ദിവസത്തേക്ക് അവർ അത് ചെയ്തു. പഞ്ചാബി ലുക്ക് ഇല്ലെന്ന് പറഞ്ഞ് ആ പെൺകുട്ടിയെ മാറ്റി. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം മോഹിനി ഞങ്ങളോടൊപ്പം ചേർന്നു. അവസാന നിമിഷമാണ് തീരുമാനം മാറ്റിയത്' -നീന പറഞ്ഞു.
ലാൽ, തിലകൻ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ, എൻ.എഫ്. വർഗീസ്, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രം തെലുങ്കിൽ മാ ബാലാജി (1999), കന്നഡയിൽ പഞ്ചാബി ഹൗസ് (2002), ഹിന്ദിയിൽ ചുപ് ചുപ് കെ (2006) എന്നി പേരുകളിൽ റിമേക്ക് ചെയ്തു. ഷാഹിദ് കപൂർ, കരീന കപൂർ, സുനിൽ ഷെട്ടി, നേഹ ധൂപിയ എന്നിവർ യഥാക്രമം ദിലീപ്, മോഹിനി, ലാൽ, നീന എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിച്ച ചുപ് ചുപ് കെ പ്രിയദർശനാണ് സംവിധാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

