മികച്ച ബാലതാരമായതിെൻറ ഓർമത്തിളക്കത്തിൽ ഹെൻസി
text_fieldsഗർഷോമിലെ അഭിനയത്തിന് 1998ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഹെൻസി
(മധ്യത്തിൽ) കുടുംബവുമൊത്ത്
തൃശൂർ: സ്ക്രീനിൽ ഹെൻസിയുടെ ഓമനത്തമുള്ള കുഞ്ഞുമുഖം തെളിഞ്ഞപ്പോൾ റോയൽ ഗ്രെയ്സ് അടുത്തിരുന്ന കുഞ്ഞനിയൻ റോം ജേക്കബിനെ തൊട്ടുവിളിച്ച് കാണിച്ചുക്കൊടുത്തു; ദാ ഇതാ നമ്മുടെ അമ്മ. എന്ത് രസാല്ലേ... തൊട്ടടുത്തിരുന്ന് ഹെൻസി മനസ്സ് നിറഞ്ഞ് ചിരിച്ചു.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ ‘ഗർഷോം’ സിനിമ കണ്ടവർക്ക് നടൻ മുരളിയെയും നടി ഉർവശിയെയും അവരുടെ രണ്ട് മക്കളെയും മറക്കാൻ കഴിയില്ല. ഗർഷോമിൽ മുരളിയുടെ മകളായി അഭിനയിച്ചത് ഹെൻസിയായിരുന്നു. സിനിമയുടെ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ ആദരിക്കുന്നതിന്റെ ഭാഗമായി തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘പി.ടി കലയും കാലവും’ എന്ന പരിപാടിയിൽ സംബന്ധിക്കാനാണ് ഹെൻസി കുടുംബത്തോടൊപ്പം എത്തിയത്. പരിപാടിയുടെ ഭാഗമായി സിനിമ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
ചേർപ്പ് വല്ലച്ചിറ പിടിയത്ത് വീട്ടിൽ ആന്റോയുടെയും ഫിലോമിനയുടെയും മകളാണ് ഹെൻസി. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംവിധായകൻ പ്രിയനന്ദനൻ വഴി ‘ഗർഷോം’ സിനിമയിലേക്ക് എത്തുന്നത്. സിനിമയിലുടനീളമുള്ള കഥാപാത്രമായിരുന്നു ഹെൻസിയുടേത്. രണ്ട് മാസം നീണ്ടുനിന്ന ഷൂട്ടിങ് അനുഭവങ്ങൾ ഹെൻസി ഇപ്പോഴും നന്നായി ഓർക്കുന്നു. സിനിമയിൽ അനിയനായി അഭിനയിച്ച സിദ്ധാർഥുമായി ഇപ്പോഴും ബന്ധം നിലനിർത്തുന്നുണ്ടെന്ന് ഹെൻസി പറഞ്ഞു.
1998-99 വർഷത്തെ മികച്ച ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഹെൻസിക്കായിരുന്നു. ഗർഷോമിന് ശേഷം ‘കാട്ടുമണിപ്പൂക്കൾ’ എന്ന സിനിമയിലും ‘ശമനതാളം’ എന്ന സീരിയലിലും അഭിനയിച്ചു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചതിനാൽ പിന്നീട് അവസരങ്ങൾ ലഭിച്ചിട്ടും അഭിനയ ജീവിതം തുടർന്നില്ല എന്ന് ഹെൻസി പറയുന്നു.
വാട്ടർ അതോറിറ്റി കോൺട്രാക്ടർ സിന്റോയാണ് ഭർത്താവ്. സിന്റോയുടെ ഓഫിസ് കാര്യങ്ങളിൽ സഹായിക്കുന്ന റോളാണ് ഇപ്പോൾ ഈ മികച്ച ‘ബാലനടി’ക്ക്. റോസ് വെൽ, റോയൽ ഗ്രെയ്സ്, റോം ജേക്കബ് എന്നിങ്ങനെ മൂന്ന് മക്കളാണ് സിന്റോ-ഹെൻസി ദമ്പതികൾക്ക്.
ഇനിയും അവസരം ഒത്തുവന്നാൽ ഒരുകൈ നോക്കാൻ തയാറാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഹെൻസിയുടെ മറുപടി. ഗർഷോം സിനിമയുടെ 25ാം വാർഷികവും സിനിമയിൽ പ്രവർത്തിച്ചവർക്കുള്ള പുരസ്കാര വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. നടി സീനത്ത്, നടൻ സാദിഖ്, ഗാന രചയിതാവ് റഫീഖ് അഹ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

