ഐ.എഫ്.എഫ്.കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധം ശക്തം
text_fieldsതിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) ലോകസിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. സിനിമ കാണാന്‍ എത്തിയവര്‍ പ്രതിഷേധം അക്കാദമിയെ നേരിട്ട് അറിയിച്ചു. വിഷയത്തില്‍ ചലച്ചിത്രപ്രവര്‍ത്തകർ വിയോജിപ്പ് അറിയിച്ചും മേളയെ പിന്തുണച്ചും രംഗത്തെത്തി.
വരും കാലത്തും ഇത്തരം സിനിമകൾ ഇവിടെ പ്രദർശിപ്പിക്കരുതെന്ന തിട്ടൂരമാണിതെന്ന് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു. ഇതിൽ രാഷ്ട്രീയമുണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചരിത്രത്തിലിത് ആദ്യ സംഭവമാണ്. ‘ബാറ്റിൽഷിപ്പ് പൊട്ടെംകിൻ’ എന്ന സിനിമ അടക്കം പ്രദർശിപ്പിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. എന്തൊരു ദുരന്തമാണിതെന്ന് കമൽ ചോദിച്ചു.
ഇത് തുടക്കമാണെന്നും കാര്യങ്ങൾ ഇതിനപ്പുറം പോകുമെന്നും ടി.വി ചന്ദ്രൻ പറഞ്ഞു. സിനിമയെ മൊത്തമായി നിരാകരിക്കുകയാണ് ചെയ്യുന്നത്. ഇനി ഗാന്ധിയെപ്പറ്റി സംസാരിക്കരുതെന്ന് പറയും. അതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇത് ഭയാനകമാണെന്നും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകാത്ത കേന്ദ്രസർക്കാർ ഇടപെടൽ ഭയാനകമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. രാജ്യം എത്ര അപകടരമായ അവസ്ഥയിലാണെന്ന് ഇത് വ്യക്തമാകുന്നു. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണിത്. അനുമതി നൽകാത്തവരെ ഭ്രാന്തന്മാർ എന്നേ വിളിക്കാൻ കഴിയൂ- അദ്ദേഹം പ്രതികരിച്ചു.
സിനിമകൾക്ക് പ്രദർശാനാനുമതി നിഷേധിച്ചത് അറിവുകേട് കൊണ്ടാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. ചിത്രങ്ങളുടെ പേര് കണ്ട് പ്രദർശനാനുമതി നിഷേധിക്കുന്നത് ശരിയായ നടപടിയല്ല-അദ്ദേഹം പറഞ്ഞു.
ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കാനിരുന്ന 19 ഓളം സിനിമകൾക്കാണ് സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് കേന്ദ്രസർക്കാർ നൽകാതിരിക്കുന്നത്. സർട്ടിഫിക്കറ്റില്ലാത്തതിനാൽ മേള തുടങ്ങി നാലാം ദിനം പിന്നിടുമ്പോൾ ഫ്രഞ്ച് ചിത്രം ‘യെസ്’, ഫലസ്തീൻ ചിത്രം ‘വൺസ് അപ് ഓൺ എ ടൈം ഇൻ ഗസ്സ’ ഉൾപ്പെടെ ഒൻപത് സിനിമകളുടെ പ്രദർശനം മുടങ്ങി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്ത സിനിമകൾ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വിഭാഗത്തിന്റെ എക്സംപ്ഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കാറുള്ളത്. 187 സിനിമകൾക്ക് പ്രദർശനാനുമതി തേടി സംസ്ഥാന ചലച്ചിത്ര അക്കാദമി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വിഭാഗത്തെ സമീപിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി 168 സിനിമകൾക്ക് അനുമതി ലഭിച്ചെങ്കിലും 19 എണ്ണത്തിന് കിട്ടിയില്ല. ഇതോടെ വിഖ്യാത ചിത്രമായ ‘ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ’, ഉദ്ഘാടന ചിത്രമായ ‘ഫലസ്തീൻ 36’ അടക്കമുള്ള സിനിമകളുടെ പ്രദർശനം പ്രതിസന്ധിയിലായി. 2022ൽ നടന്ന ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച ചിത്രമാണ് ‘ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ’.
അനുമതി ലഭിക്കാത്തതിനാൽ ചൊവ്വാഴ്ച എട്ട് സിനിമകളുടെ പ്രദർശനം മുടങ്ങിയേക്കും. ഇതിനെതിരെ ഐ.എഫ്.എഫ്.കെ വേദിയിലും പുറത്തും പ്രതിഷേധം ശക്തമാണ്. മേളയിലെ ഫലസ്തീൻ പാക്കേജിലെ നാല് ചിത്രങ്ങൾ സർട്ടിഫിക്കറ്റ് ലഭിക്കാത്തവയിൽ ഉണ്ട്. സ്പാനിഷ് ചിത്രമായ ‘ബീഫും’ ഇതിലുണ്ട്.
എന്നാൽ, സംസ്ഥാന ചലച്ചിത്ര അക്കാദമി സെൻസർ എക്സംപ്ഷനു വേണ്ടി സിനിമകൾ സമർപ്പിക്കാൻ വൈകിയെന്ന ആരോപണവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

