‘കൂലി’ക്ക് എ സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ നിർമാതാക്കൾ ഹൈകോടതിയിൽ
text_fieldsലോകേഷ്-രജനീകാന്ത് ചിത്രം ‘കൂലി’ക്ക് എ സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ നിർമാതാക്കൾ ഹൈകോടതിയിൽ. കൂലിയിൽ അമിത വയലൻസ് ഇല്ലെന്നും അതിനാൽ യു.എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. എ സർട്ടിഫിക്കറ്റ് ആയതിനാൽ കുട്ടികൾ അടക്കമുള്ള കുടുംബ പ്രേക്ഷകർ ചിത്രം കാണാനെത്തുന്നില്ലെന്നത് നിർമാതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. തമിഴ്‌നാട്ടിലുടനീളമുള്ള പല തിയറ്ററുകളിലും കുട്ടികളെ ഹാളിനുള്ളിൽ പ്രവേശിപ്പിക്കുന്നതിനായി തിയറ്റർ ഉടമകളുമായി രക്ഷിതാക്കൾ വഴക്കുണ്ടാക്കി.
കെ.ജി.എഫ്, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ അതേ ആക്ഷൻ സീക്വൻസുകളാണ് കൂലിയിൽ ഉള്ളതെന്ന് സൺ പിക്‌ചേഴ്‌സ് വാദിക്കുന്നു. ഇവ രണ്ടും യു/എ സർട്ടിഫിക്കറ്റോടെ അനുമതി നേടിയെങ്കിലും കൂടുതൽ കഠിനമായ വർഗ്ഗീകരണത്തിന് വിധേയമാക്കിയിട്ടുണ്ട്. യു/എ റേറ്റിംഗിനായി സി.ബി.എഫ്.സിക്ക് നിരവധി തവണ നിവേദനം നൽകിയിട്ടും വയലൻസ് ചൂണ്ടിക്കാട്ടി പരിശോധനാ സമിതിയും പുനഃപരിശോധനാ സമിതിയും കൂലിക്ക് എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നുവെന്നും നിർമാതാക്കൾ പറയുന്നു.
സമ്മിശ്ര അഭിപ്രായമാണ് സിനിമ നേടിയതെങ്കിലും കലക്ഷനെ ഇത് ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകേഷിന്റെ വിക്രം, കൈതി പോലുള്ള സിനിമകളുടെ തലത്തിലേക്ക് കൂലി ഉയർന്നില്ലെന്നായിരുന്നു ആരാധകരുടെ പരാതി. ചിത്രത്തിൽ രജനീകാന്തിനെ കൂടാതെ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രജനീകാന്തിന് പുറമേ, നാഗാർജുന, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ്, ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. തമിഴ് സിനിമയിലെ നിരവധി റെക്കോർഡുകൾ കൂലി ഇതിനകം തന്നെ തകർത്തു കഴിഞ്ഞു. പ്രീ-ബുക്കിംഗ് വിൽപ്പനയിൽ 100 കോടിയിലധികം രൂപ നേടി. ആഗോള ബോക്സ് ഓഫിസിൽ ചിത്രം ഏകദേശം 300 കോടി രൂപ ശേഖരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂലി തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

