പകർപ്പവകാശ ലംഘനം; 'ലൗലി' നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് 'ഈഗ' നിർമാതാവ്
text_fieldsമലയാള ചിത്രമായ 'ലൗലി'ക്ക് ' വക്കീൽ നോട്ടീസ് അയച്ച് എസ്. എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ഈഗ'യുടെ (ഈച്ച) നിർമാതാവ്. തങ്ങളുടെ ചിത്രവുമായി 'ദൃശ്യപരമായും ആഖ്യാനപരമായും' സാമ്യമുള്ള കഥാപാത്രത്തെ 'പുനർനിർമിക്കുക, ചൂഷണം ചെയ്യുക' എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പകർപ്പവകാശ ലംഘന നോട്ടീസ് നൽകിയത്.
ലൗലിയുടെ നിർമാതാക്കൾ ആരോപണങ്ങൾ നിഷേധിക്കുകയും കേസ് നിയമപരമായി നേരിടുമെന്ന് പറയുകയും ചെയ്തു. 1957 ലെ പകർപ്പവകാശ നിയമപ്രകാരം, ഈഗയുടെ എല്ലാ ദൃശ്യ, കലാ, ആഖ്യാന ഘടകങ്ങളുടെയും, അതിലെ കഥാപാത്രങ്ങളുടെയും പൂർണ അവകാശം തങ്ങൾക്കാണെന്ന് നോട്ടീസിൽ ഈചയുടെ നിർമാതാക്കൾ അവകാശപ്പെട്ടു. വ്യക്തമായ സമ്മതമില്ലാതെ അതിന്റെ ഏതെങ്കിലും തരത്തിലുള്ള പുനർനിർമാണമോ അനുകരണമോ പകർപ്പവകാശ ലംഘനമാണെന്ന് അതിൽ വ്യക്തമാക്കി.
‘ലൗലി’യുടെ നിർമാതാക്കളോട്, തിയറ്റർ, ഡിജിറ്റൽ, സാറ്റലൈറ്റ്, ഡി.വി.ഡി, അല്ലെങ്കിൽ പ്രൊമോഷണൽ മെറ്റീരിയലുകൾ ഉൾപ്പെടെ ഏതെങ്കിലും പതിപ്പിൽ കഥാപാത്രത്തെ കൂടുതൽ ഉപയോഗിക്കുന്നത്, പുനർനിർമിക്കുന്നത്, പ്രദർശിപ്പിക്കുന്നത്, വിതരണം ചെയ്യുന്നത് അല്ലെങ്കിൽ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നത് എന്നിവ ഉടൻ നിർത്താൻ 'ഈഗ' നിർമാതാവ് നോട്ടീസിൽ ആവശ്യപ്പെട്ടു. 'പകർപ്പവകാശമുള്ള കഥാപാത്രത്തെ' നിയമവിരുദ്ധമായി ചൂഷണം ചെയ്തുകൊണ്ട് നേടിയ എല്ലാ വരുമാനത്തിന്റെയും പൂർണവും സുതാര്യവുമായ കണക്ക് നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മേയ് 16ന് തിയറ്ററുകളിലും ജൂൺ 20 ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോയിലും റിലീസ് ചെയ്ത ‘ലൗലി’ ദിലീഷ് കരുണാകരനാണ് സംവിധാനം ചെയ്തത്. ശരണ്യ സി നായരും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ് നിർമാണം. ഈച്ചയുമായി സംസാരിക്കാൻ കഴിവുള്ള ഒരു യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

