'തേൻമാവിൻ കൊമ്പത്ത്' വീണ്ടും തിയറ്ററിലേക്ക്; കൂട്ടുകാരോടൊപ്പം കാണണമെന്ന് പ്രിയദർശൻ
text_fieldsപ്രിയദർശൻ, തേന്മാവിൻ കൊമ്പത്ത്
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ 'തേന്മാവിൻ കൊമ്പത്ത്' വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 1994ൽ പുറത്തിറങ്ങിയ 'തേന്മാവിൻ കൊമ്പത്ത്' മലയാളികൾ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന കോമഡി എന്റർടൈനറുകളിൽ ഒന്നാണ്. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ഗ്രാമീണ സൗന്ദര്യവും റൊമാൻസും ചിരിയും സംഗീതവും ഒത്തിണങ്ങിയ ഒരു ദൃശ്യവിരുന്നായിരുന്നു. ചിത്രം അത്യാധുനിക 4K ദൃശ്യ മികവിലും ഡോൾബി അറ്റ്‌മോസ് ശബ്ദ സംവിധാനത്തിലും സെപ്റ്റംബറിൽ റീ-റിലീസിന് ഒരുങ്ങുകയാണ്.
ചിത്രത്തിന്റെ ഒറിജിനൽ 35 എം.എം പ്രിന്റ് പൂർണ്ണമായും ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ പുനരുദ്ധരിച്ചാണ് 4K നിലവാരത്തിലേക്ക് മാറ്റിയത്. ഒപ്പം ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഭാഷണങ്ങളും ഡോൾബി അറ്റ്‌മോസ് മിക്സിങ്ങിലൂടെ പുതിയ അനുഭവമാക്കി മാറ്റിയിട്ടുണ്ട്. ചിത്രത്തിന്റെ പഴയ തനിമ ഒട്ടും ചോർന്നുപോകാതെയാണ് റീ-റിലീസിനായി തയാറാക്കിയിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ തേന്മാവിൻ കൊമ്പത്ത് കൂട്ടുകാരോടൊപ്പം കാണണം എന്ന് പറഞ്ഞ് സംവിധായകൻ പ്രിയദർശൻ എത്തിയിരിക്കുകയാണ്. ഒട്ടും ആത്മവിശ്വാസമില്ലാതിരുന്ന, ഏറെ സംശയത്തോടെ ചെയ്ത ചിത്രമായിരുന്നു 'തേന്മാവിൻ കൊമ്പത്ത്' എന്ന് പ്രിയദർശൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത് ഇൻഡസ്ട്രി ഹിറ്റായി മാറി. തിയറ്ററിൽ ഏത് ചിത്രം ഓടും ഏത് ഓടില്ല എന്ന് പ്രവചിക്കാൻ ഇന്നും എനിക്ക് അറിയില്ല പ്രിയദർശൻ പറഞ്ഞിരുന്നു.
കുറിപ്പിന്‍റെ പൂർണരൂപം
ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസ്സില്‍ നിലനില്‍ക്കാറുണ്ട്. അവ എക്കാലത്തും ആസ്വദിക്കപ്പെടാറുമുണ്ട്. അങ്ങനെയൊരു ചിത്രമാണ്, മോഹന്‍ലാലുമായി ചേര്‍ന്ന് ഞാന്‍ ചെയ്ത 'തേന്‍മാവിന്‍ കൊമ്പത്ത്'. 2 ദേശീയ പുരസ്‌കാരങ്ങളും 5 സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാർഡ് സിനിമകൾക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്.
അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയിൽ. മാണിക്യനെയും കാർത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു വയസ്സുണ്ടായിരുന്ന കുഞ്ഞിന്, ഇന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവാണ്. ഒരുപക്ഷേ നിങ്ങളിൽ പലരും ഈ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകും. എങ്കിലും തിയേറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ.
എനിക്കൊരു അഭ്യർത്ഥനയുണ്ട്: കൂട്ടുകാരോടൊപ്പം ഈ സിനിമ കാണണം. ബിഗ് സ്‌ക്രീനിൽ, ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം. ഉത്സവപ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കും എന്നുറപ്പാണ്. ഒക്ടോബർ 8ന് ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

