ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്ക്
text_fieldsമറയൂർ (ഇടുക്കി): സിനിമ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.30ഓടെ മറയൂർ ബസ് സ്റ്റാൻഡിലെ ചിത്രീകരണത്തിനിടെയാണ് സംഭവം.
കെ.എസ്.ആർ.ടി.സി ബസിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. കാലിന്‍റെ ലിഗ്മെന്റിനാണ് പരിക്ക്. ഉടൻ മറയൂരിലെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളം ലേക്ഷോർ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നറിയുന്നു.
രണ്ടുദിവസം മുമ്പാണ് ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനായി നടൻ പൃഥ്വിരാജ് മറയൂരിലെത്തിയത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്ങാണ് മറയൂരിൽ പുരോഗമിക്കുന്നത്.
ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, അനു മോഹൻ, പ്രിയംവദ കൃഷ്ണൻ, ടി.ജെ. അരുണാചലം എന്നിവരും ചിത്രത്തിലുണ്ട്.

