പ്രാവിൻകൂട് ഷാപ്പിലൊരു മാന്ത്രികനുണ്ട്; സാധാരണക്കാരിൽ സാധാരണക്കാരനായൊരു മാന്ത്രികൻ
text_fieldsകള്ളിന്‍റെ മണവും ലഹരിയും നിറഞ്ഞുകവിയുന്നൊരു ഷാപ്പ്. പ്രാവുകളുടെ കുറുകൽ എപ്പോഴും ആ ഷാപ്പിനുള്ളിൽ നിറഞ്ഞുനിൽക്കും. ആ ഷാപ്പിൽ നടക്കുന്ന നല്ലതും ചീത്തയുമായ എല്ലാത്തിനും മൂകസാക്ഷിയായി മുകളിൽ ആ പ്രാവുകൾ കൊക്കുരുമ്മി ഇരിക്കുന്നുണ്ടാകും. കൊമ്പൻ ബാബു നടത്തുന്ന ആ ഷാപ്പിലെ ജോലിക്കാരനാണ് കണ്ണൻ. ഷാപ്പിലെ പതിവുകാരുടെ പ്രിയപ്പെട്ടവനാണയാള്‍. ഒരിക്കൽ ആ ഷാപ്പിൽ നടക്കുന്ന ഒരു അസാധാരണ സംഭവം ഷാപ്പിലുള്ളവരുടേയും ഷാപ്പിലെ പതിവുകാരുടേയും ജീവിതം കീഴ്‍മേൽ മറിക്കുകയാണ്... കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരിക്കുന്ന 'പ്രാവിൻകൂട് ഷാപ്പ്' പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സൗബിൻ ഷാഹിർ കാഴ്ചവെച്ചിരിക്കുന്നത്.
കാലിന് ചട്ടുണ്ട് കണ്ണന്. പക്ഷേ സകലകലാ വല്ലഭനാണയാള്‍. കള്ളുഷാപ്പിലെ ജോലിക്കാരനായിരിക്കുമ്പോള്‍ തന്നെ അയാളൊരു മജീഷ്യനും തവള പിടുത്തക്കാരനും ഓട്ടോറിക്ഷ ഓടിക്കുന്നയാളുമൊക്കെയാണ്. ദാരിദ്ര്യത്തോട് പടവെട്ടുന്ന വളരെ സാധാരണക്കാരനായൊരാള്‍. അന്നന്നത്തെ അന്നത്തിനായി അയാള്‍ ചെയ്യാത്ത ജോലികളില്ല, ഈ കാലുംകൊണ്ട് താന്‍ ചെയ്യാത്ത ജോലികളൊന്നുമില്ലെന്ന് അയാള്‍ ചിത്രത്തിൽ ഒരിടത്ത് പറയുന്നുമുണ്ട്.
ചിത്രത്തിൽ ഓരോ നിമിഷവും അമ്പരപ്പിക്കുന്ന പ്രകടനമാണ് സൗബിൻ നടത്തിയിരിക്കുന്നത്. കണ്ണനായി അയാള്‍ ജീവിക്കുകയായിരുന്നു. ഓരോ നോക്കിലും നടപ്പിലും വാക്കിലും നോക്കിലുമൊക്കെ അയാള്‍ കണ്ണനാണ്. കണ്ണൻ എന്ന കഥാപാത്രം കടന്നുപോകുന്ന മാനസികാവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സൗബിന് കഴിഞ്ഞിട്ടുണ്ട്. മിറാൻഡ എന്ന കഥാപാത്രമായി എത്തിയിരിക്കുന്ന ചാന്ദ്നിയോടൊപ്പവും സൗബിന് മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. ഇരുവരുടേയും കെമിസ്ട്രി ഏറെ മികച്ച രീതിയിൽ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
'അന്നയും റസൂലും' മുതൽ ഓരോ സിനിമകളിലും വേറിട്ട വേഷപ്പകർച്ചയിൽ വിസ്മയിച്ചിട്ടുള്ളയാളാണ് സഹ സംവിധായകനായി സിനിമാലോകത്ത് എത്തിയ സൗബിൻ. 'സുഡാനി ഫ്രം നൈജീരിയ'യിലെ മജീദ്, 'കുമ്പളങ്ങി നൈറ്റ്സി'ലെ സജി നെപ്പോളിയന്‍, 'ആൻഡ്രോയ്ഡ് കുഞ്ഞപ്പനി'ലെ സുബ്രഹ്മണ്യൻ, 'ഭീഷ്മപർവ്വ'ത്തിലെ അജാസ്, 'ഇലവീഴാപൂഞ്ചിറ'യിലെ മധു, 'രോമാഞ്ച'ത്തിലെ ജിബിൻ, 'മഞ്ഞുമ്മൽ ബോയ്‍സി'ലെ കുട്ടൻ തുടങ്ങി സൗബിൻ അനശ്വരമാക്കിമാറ്റിയ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. അക്കൂട്ടത്തിലേക്കാണ് 'പ്രാവിന്‍കൂട് ഷാപ്പി'ലെ കണ്ണനും ചേക്കേറുന്നത്. സാധാരണക്കാരായ കഥാപാത്രങ്ങളെ അസാധാര മികവോടെ പകര്‍ന്നാടുന്ന സൗബിന്‍റെ കരിയറിലെ മികവുറ്റ വേഷങ്ങളിൽ എക്കാലവും പ്രേക്ഷകർ കണ്ണനേയും ചേർത്തുവയ്ക്കും എന്നുറപ്പാണ്.
സൗബിനും ബേസിലും ചെമ്പൻ വിനോദ് ജോസും ചാന്ദ്‍നിയും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന 'പ്രാവിൻകൂട് ഷാപ്പ്' തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന കേസന്വേഷണവുമൊക്കെ ഉൾപ്പെട്ട ചിത്രം ഡാർക്ക് ഹ്യൂമറിൻ്റെ അകമ്പടിയോടെയാണ് എത്തിയിരിക്കുന്നത്. അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹൗസ്‍ഫുൾ ഷോകളുമായാണ് തിയറ്ററുകളിൽ മുന്നേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

