നിവിൻ പോളി ചിത്രം 'പ്രതിച്ഛായ' ഒ.ടി.ടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsനിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രം 'പ്രതിച്ഛായ' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. മാർച്ച് 26ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.
ടെക് സംരംഭകനിൽ നിന്ന് രാഷ്ട്രീയ തന്ത്രജ്ഞനായി മാറുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. കേരള മുഖ്യമന്ത്രിയുടെ മകനായ നായകൻ, ഒരു മാധ്യമ ഭീമന്റെ ഗൂഢാലോചനയിൽ അച്ഛൻ കൊല്ലപ്പെടുന്നതോടെ അപ്രതീക്ഷിത സാഹചര്യങ്ങളിൽ അകപ്പെടുന്നു. അച്ഛന്റെ മരണത്തിന് പിന്നിലെ സത്യം കണ്ടെത്താനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന എതിരാളികളെ തന്റെ കൂർമ ബുദ്ധികൊണ്ട് നേരിടാനുമുള്ള നായകന്റെ പോരാട്ടമാണ് സിനിമയുടെ പ്രമേയം.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇല്യൂമിനേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ, ബാലചന്ദ്രമേനോൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, ആൻ അഗസ്റ്റിൻ, സായി കുമാർ, നിഷാന്ത് സാഗർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജസ്റ്റിൻ വർഗീസാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. "അധികാരം, രാഷ്ട്രീയം, പ്രതിച്ഛായ" എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തുന്നത്. തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഇതിനിടെ ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ‍്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതകഥയല്ലെന്ന് സംവിധായകൻ പറയുമ്പോഴും, സിനിമയുമായി ബന്ധപ്പെട്ട സൂചനകൾ മറ്റൊരു തലത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

