സിനിമയിൽ കാവി നിറത്തിലുള്ള വസ്ത്രം പാടില്ലേ? ദീപികയേയും ഷാരൂഖിനേയും പിന്തുണച്ച് പ്രകാശ് രാജ്
text_fieldsപത്താനിലെ ബേഷരംഗ് ഗാനവുമായി ബന്ധപ്പെട്ടുളള വിവാദത്തിൽ നടി ദീപിക പദുകോണിനെ പിന്തുണച്ച് നടൻ പ്രകാശ് രാജ്. കാവിയിട്ടവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല എന്നാൽ സിനിമയിൽ വസ്ത്രം ധരിക്കാൻ പാടില്ലേ? പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.
'കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിക്കുന്നതിലും പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചാലും കുഴപ്പമില്ല. പക്ഷേ സിനിമയിൽ വസ്ത്രം പാടില്ലല്ലേ?. ഇൻഡോറിൽ പ്രതിഷേധക്കാർ ഷാരൂഖിന്റെ കോലം കത്തിക്കുന്നു. അവരുടെ ആവശ്യം: 'പത്താൻ' നിരോധിക്കുക എന്നാണ്'- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിലെ ഗാനമായ ബേഷരംഗ് പുറത്തു വന്നത്. ദീപികയും ഷാരൂഖ് ഖാനും പ്രത്യക്ഷപ്പെട്ട ഗാനത്തിൽ നടി കാവി നിറത്തിലുള്ള വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.
മധ്യപ്രദേശിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചിട്ടുണ്ട്. ദീപികയുടെ വസ്ത്രധാരണം മോശമാണെന്നും ഗാനരംഗത്ത് മാറ്റം വരുത്തേണ്ടതുണ്ടെന്നും മിശ്ര പറഞ്ഞു.
2023 ജനുവരി 25 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപികക്കും ഷാരൂഖ് ഖാനോടുമൊപ്പം ജോൺ എബ്രാഹാമും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

