അച്ഛന്‍റെ കല്യാണം കൂടണമെന്ന് മകന് നിർബന്ധം; പ്രകാശ് രാജ് 'വീണ്ടും വിവാഹിതനായി'
text_fieldsപുനർവിവാഹങ്ങളും വേർപിരിയലുകളും സിനിമ മേഖലയിൽ പുത്തരിയല്ല. എന്നാൽ, നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന്‍റെ കാര്യത്തിൽ 'രണ്ടാം വിവാഹം' അൽപം കൗതുകം നിറഞ്ഞതാണ്. സ്വന്തം ഭാര്യയെ തന്നെയാണ് താരം വീണ്ടും 'വിവാഹം' ചെയ്തത്. അച്ഛന്‍റെ കല്യാണം കൂടണമെന്ന് മകൻ വേദാന്ത് നിർബന്ധം പിടിച്ചതോടെയായിരുന്നു പ്രകാശ് രാജിന്‍റെ 'രണ്ടാം വിവാഹം'. താരം തന്നെയാണ് ഇതിന്‍റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.
പ്രകാശ് രാജിന്‍റെയും ഭാര്യ പോണി വർമയുടെയും 11ാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. ആഘോഷങ്ങൾക്കിടെയാണ് അച്ഛന്‍റെയും അമ്മയുടെയും കല്യാണം കൂടണമെന്ന് മകൻ വേദാന്തിന് ആഗ്രഹമുണ്ടായത്. സന്തോഷത്തോടെ ഇരുവരും മകന്‍റെ ആഗ്രഹം നിറവേറ്റുകയായിരുന്നു. ഇവരുടെ മറ്റ് മക്കളായ മേഘ്നയും പൂജയും 'കല്യാണ'ത്തിന് സാക്ഷികളായി.
പിന്നീട്, പ്രകാശ് രാജ് തങ്ങളുടെ വിവാഹ ഫോട്ടോയും ട്വീറ്റ് ചെയ്തു.
പ്രകാശ് രാജും പോണി വർമയും 2010ലാണ് വിവാഹിതരായത്. പ്രകാശ് രാജിന്‍റെ രണ്ടാം വിവാഹമായിരുന്നു ഇത്. മുൻ ഭാര്യ ലളിത കുമാരിയുമായി 2009ലാണ് പ്രകാശ് രാജ് വേർപിരിഞ്ഞത്. ഈ ബന്ധത്തിലുള്ളതാണ് രണ്ട് മക്കൾ.

