മിലൻ ഇനി സിനിമയിൽ പാടും; ആശംസയുമായി പ്രജേഷ് സെൻ
text_fieldsപ്രേക്ഷകർ മൂളി നടക്കുന്ന ഒരു ഗാനമാണ് വെള്ളം എന്ന ചിത്രത്തിലെ ഷഹബാസ് അമൻ പാടിയ ആകാശമായവളെ എന്ന് തുടങ്ങുന്ന ഗാനം . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പാട്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. മിലൻ എന്ന കൊച്ചുമിടുക്കൻ ഈ ഗാനം ആലപിച്ച് രംഗത്തെത്തിയിരുന്നു. ക്ലാസ് മുറിയിൽ ആലപിച്ച ഗാനം അധ്യാപകൻ പ്രവീണാണ് റെക്കോർഡ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് മിലന്റെ പാട്ട് വൈറലാവുകയായിരുന്നു.
ഇപ്പോഴിതാ എട്ടാം ക്ലാസുകാരനായ കൊച്ചു മിടുക്കന് ആശംസയുമായി സംവിധായകൻ പ്രജേഷ് സെൻ എത്തിയിരിക്കുകയാണ്. ഒപ്പം സിനിമയിൽ പാടാനുളള ഒരു അവസരവും നൽകിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പേജിൽ മിലൻ ആലപിച്ച ഗാനം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. മിലന് ഫോണിൽ വിളിച്ച് സംസാരിച്ചെന്നും പ്രജേഷ് സെൻ കുറിപ്പിൽ പറയുന്നു.
പ്രജേഷ് സെന്നിന്റെ വാക്കുകൾ
ക്ലാസ് മുറിയിൽ മനോഹരമായി പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്. അത്തരത്തിൽ കണ്ണൂരിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയിൽ പെടുത്തിയത് സുഹൃത്തും മാധ്യമ പ്രവർത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛന്റെ എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്.
കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയിൽ പാട്ട് പാടുന്ന മിലൻ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകൻ പ്രവീൺ ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു. ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്. ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതിൽ പരം സന്തോഷമെന്താണ്.
നിധീഷിന്റെ വരികളിൽ ബിജിബാൽ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തിൽ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ... മാറിയിരുന്നു.സത്യത്തിൽ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു. മിലന്റെ അധ്യാപകനെയും മില നെയും വിളിച്ചു. സന്തോഷം അറിയിച്ചു. അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു. മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികൾ… എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മിലന് ആശംസകൾ.
ഗായകൻ ഷഹബാസ് അമനും മിലന് അഭിനന്ദനം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

