ദശാബ്ദങ്ങൾക്കപ്പുറമുള്ള ശ്രീനഗറിലെ മാറ്റം; പ്രധാനമന്ത്രിയുടെ വാക്കുകൾ ആഘോഷമാക്കി ഷാറൂഖ് ഖാൻ ആരാധകർ
text_fieldsഷാറൂഖ് ഖാൻ ചിത്രമായ പത്താൻ ആയിരം കോടിയിലേക്ക് അടുക്കുകയാണ്. പതിനഞ്ച് ദിവസം കൊണ്ടാണ് ചരിത്ര നേട്ടം സ്വന്തമാക്കുന്നത്. ജനുവരി 25 ന് പ്രദർശനത്തിന് എത്തിയ ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ ശ്രീനഗറിലെ തിയറ്ററുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ ഷാറൂഖ് ഖാൻ ആരാധകർ ആഘോഷമാക്കുകയാണ്.ലോക്സഭയിൽ കാശ്മീരിനെ കുറിച്ച് പറയുന്നതിനിടെയാണ് പരാമർശം.
'ദശാബ്ദങ്ങൾക്കപ്പുറം ശ്രീനഗറിലെ തിയറ്ററുകൾ ഹൗസ് ഫുള്ളായിരിക്കുകയാണ്' -എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. എന്നാലിത് പത്താനെക്കുറിച്ചാണ് പറഞ്ഞതെന്ന് അവകാശപ്പെട്ട് എസ്.ആർ.കെ ആരാധകർ പ്രധാനമന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്തിട്ടുണ്ട്. പത്താന്റെ വരവാണ് തിയറ്ററുകളിൽ ചലനം സൃഷ്ടിച്ചതെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് ആരാധകർ പറയുന്നത്.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ തിയറ്ററുകളിൽ എത്തിയത്. ഹിന്ദുമതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. ബോളിവുഡ് ചിത്രങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ മോദി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട് അനാവശ്യ ചർച്ചകളിൽ നിന്ന് ബി.ജെ.പി നേതാക്കന്മാരും പ്രവർത്തകരും മാറി നിൽക്കണമെന്ന് മോദി അഭ്യർഥിച്ചിരുന്നു.
അഞ്ച് വർഷത്തിന് ശേഷം എത്തിയ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.