ഒ.ടി.ടിയിൽ തരംഗമായി ജിതിൻ ഐസക്ക് തോമസിന്‍റെ 'പാത്ത്'
text_fieldsഅറ്റെൻഷൻ പ്ലീസ്, ഫ്രീഡം ഫൈറ്റ്, രേഖ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ജിതിൻ ഐസക്ക് തോമസിന്റെ പുതിയ ചിത്രമാണ് പാത്ത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെ ജൂൺ ആറിനാണ് ചിത്രം റിലീസായത്. ഇപ്പോഴിതാ സിനിമയിലേക്കുളള തന്റെ യാത്രയും, ജീവിത അനുഭവങ്ങളും, ചിത്രത്തിന്റെ വിശേഷങ്ങളും സംവിധായകൻ ജിതിൻ പങ്കുവെക്കുകയാണ്.
എല്ലാത്തിനും ആധിപത്യം സ്ഥാപിക്കുന്ന മനുഷ്യന്‍റെ പ്രതിബിംബമാണ് പാത്തിലൂടെ ജിതിൻ പ്രേക്ഷകർക്ക് വരച്ചുകാട്ടുന്നത്. ഒരു കെന്യൻ ഗോത്ര ഗാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം അപ്രതീക്ഷിതമായ വഴിതിരിവുകളിലേക്ക് ഉണ്ണി എന്ന എഡിറ്ററെ നയിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന സത്യാന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എ. ഐക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴാണ് ജിതിൻ ചിത്രത്തിന്റെ പ്രധാന ഘടകം തന്നെ എ. ഐ കൊണ്ട് നിർമിക്കുകയും ചിത്രത്തിൽ എ. ഐക്ക് നന്ദി പറയുകെയും ചെയ്യുന്നത്.
സാമ്പത്തികമായ പരിമതികൾ തന്നെയാണ് എ.ഐയുമായി മുന്നോട്ട് പോകാൻ കാരണമായത്. ചുരുങ്ങിയ സമയപരിമതിക്കുള്ളിൽ ഒരു ചിത്രം നിർമിക്കാൻ എ.ഐ തനിക്കൊരു സഹായമായിരുന്നെന്നും സംവിധായകൻ പറഞ്ഞു. സ്വന്തം വളർത്തു നായായ മുരളിയും ചിത്രത്തിൽ ഉടനീളം ഒരു കഥാപാത്രമായി ഉള്ളതും ചിത്രത്തിന്റെ മറ്റൊരു കൗതുകം ഉണർത്തുന്ന സവിശേഷതയാണ്.
കാസർഗോട് സ്വദേശിയായ ജിതിൻ ഐസക്ക് തോമസിന് സിനിമ തന്നെയാണ് ജീവിതം. സുഹൃത്തുക്കൾ അടങ്ങുന്ന ഒരു കൂട്ടായ്മയിൽ നിന്നും തുടങ്ങിയതാണ് സിനിമ യാത്ര. കഷ്ട്ടപ്പെട്ട് തന്നെയാണ് സിനിമ മേഖലയിൽ തന്റേതായ പേര് ജിതിൻ നേടി എടുത്തത്. തന്റെ രാഷ്ട്രീയം സത്യത്തിന്റെ രാഷ്ട്രീയമാണെന്നും അതു തന്നെയാണ് തന്റെ ചിത്രങ്ങളും സംസാരിക്കുന്നത് എന്നും ജിതിൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര കേരള ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ഒ.ടി.ടിയിലും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നതിന്‍റെ സന്തോഷത്തിലാണ് സംവിധായകനും അണിയറ പ്രവർത്തകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

