‘പത്തുമാസ’വും വനിതാ മുഖ്യമന്ത്രിയും തമ്മിലെന്ത്?
text_fieldsഗ്രാമപശ്ചാത്തലത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ അതിജീവന കഥപറയുന്ന സ്ത്രീപക്ഷ രാഷ്ട്രീയസിനിമയായ ‘പത്തുമാസം’ ഒ.ടി.ടിയിലൂടെ റിലീസ് ചെയ്തു. മനോരമ മാക്സിൽ പുറത്തിറങ്ങിയ ചിത്രം, തൊഴിലുറപ്പു തൊഴിലാളിയായ പ്രസീതയുടെ ഗർഭകാലമാണ് പ്രമേയമാക്കിയിരിക്കുന്നത്. ഭർത്താവ് രഘുവുമായി പിണങ്ങുന്ന അവൾ ഗർഭിണിയായിരിക്കെത്തന്നെ വാർഡ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ‘കേരളത്തിന്‍റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിക്ക്’ എന്നതാണ് സിനിമയുടെ സമർപ്പണവാക്യം. നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിനിൽക്കെ വനിതാ മുഖ്യമന്ത്രിയെന്ന ആശയം ചർച്ച ചെയ്യാൻ ശ്രമിക്കുകയാണ് ചിത്രം.
‘പകൽപ്പൂരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ കവിതാ ജോസ് 20 വർഷത്തിനുശേഷം അഭിനയിക്കുന്ന സിനിമയാണ് ‘പത്തുമാസം’. കവിതാ ജോസിന്‍റെ മകളായ റൈസാ ബിജ്‌ലി തന്നെയാണ് പ്രസീതയുടെ മകൾ നിധിയായി അഭിനയിക്കുന്നത്. നടനും നാടൻപാട്ടു കലാകാരനുമായ സുരേഷ് തിരുവാലി പ്രസീതയുടെ ഭർത്താവ് രഘുവായി സ്ക്രീനിലെത്തുന്നു. രണ്ട് സംസ്ഥാന പുരസ്കാരങ്ങൾ നേടിയ കേരളത്തിലെ ആദ്യ സ്കൂൾ സിനിമയായ ‘ല.സാ.ഗു’ ഒരുക്കിയ സുമോദ്- ഗോപു ടീമാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
2015ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാര ജേതാവായ ഒ.എസ് ഉണ്ണികൃഷ്ണൻ രചിച്ച് ജിൻസ് ഗോപിനാഥ് ഈണം നൽകി ജെറിൽ ഷാജി പാടിയ ഗാനം (വിജനമാകയോ...) ശ്രദ്ധേയമാണ്. അനിൽ മങ്കടയുടെ നാടൻപാട്ടുകളും ഡോ. എസ്. സഞ്ജയ് എഴുതിയ കവിതയും ചിത്രത്തിലുണ്ട്.
നീഹാർ ഫിലിംസിന്‍റെ ആദ്യ നിർമ്മാണ സംരഭമാണിത്. ഛായാഗ്രഹണം - സുധീർ കെ. സുധാകരൻ, ചിത്രസംയോജനം - സന്ദീപ് നന്ദകുമാർ, കലാസംവിധാനം - ഷാജി കേശവ്, കളറിങ് - ലിജു പ്രഭാകർ, പശ്ചാത്തല സംഗീതം - മധു പോൾ, വസ്ത്രാലങ്കാരം - കുമാർ എടപ്പാൾ, ചമയം - സുധാകരൻ പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ. ബിബീഷ് പുത്തഞ്ചേരി, റെജി രാമപുരം, അജീഷ് കോട്ടയം, ഉണ്ണികൃഷ്ണൻ നെല്ലിക്കാട്, വിജിത സുരേഷ്, മാനസ സതീഷ്, ഐ. സമീൽ, ബറോസ് കൊടക്കാടൻ, ശശികല, ജയേഷ്, ജാഫർ അല്ലപ്ര, ദീപക് തിരുവാലി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

