മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന പാട്രിയറ്റിന് പാക്കപ്പ്
text_fieldsമമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിനുശേഷം ഒരുമിക്കുന്ന പാട്രിയറ്റിന് പാക്കപ്പ്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പാട്രിയറ്റിന് വെള്ളിയാഴ്ച കൊച്ചിയിൽ പാക്കപ്പ് ആയത്. മമ്മൂട്ടിയുടെ സീനുകളാണ് പാക്കപ്പ് ദിനത്തിൽ ചിത്രീകരിച്ചത്.
ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് ഉള്ളത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. ഇവരെക്കൂടാതെ ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബൈജാൻ, യു.എ.ഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിന്റെ ഷൂട്ടിങ്. ഇന്ത്യയിലെ വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളാണ് സിനിമക്ക് ലൊക്കേഷനായത്.
2024 നവംബർ ശ്രീലങ്കയിലാണ് പാട്രിയറ്റിന് തുടക്കമായത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന 'പാട്രിയറ്റ്', അന്താരാഷ്ട്രനിലവാരമുള്ള സ്പൈ ത്രില്ലറായിരിക്കും മലയാളത്തിന് സമ്മാനിക്കുക. ചിത്രത്തിന്റെ ടീസറിന് വലിയ വരവേല്പാണ് പ്രേക്ഷകർ നല്കിയത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്‍റെ ഹൈലൈറ്റ് ആയി മാറുമെന്ന് ടീസർ സൂചന നൽകുന്നു. പാട്രിയറ്റിന്റെ ക്യാമറ മനുഷ് നന്ദനാണ്. സംഗീതം സുഷിൻ ശ്യാം. ചിത്രത്തിന്റെ രചന സംവിധായകൻ മഹേഷ് നാരായണന്റേതാണ്. അദ്ദേഹവും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിങ്. ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

