യൂനിഫോമിൽ നവ്യയും സൗബിൻ ഷാഹിറും; പൊലീസ് കഥ പറയാൻ 'പാതിരാത്രി'
text_fieldsരത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു പാതിരാത്രിയുടെ ഭീതിയും, ആകാംഷയും ഉദ്വേഗവുമൊക്കെ നൽകുന്നുണ്ട് പോസ്റ്റർ. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
മമ്മൂട്ടി നായകനായ ഏറെ ചർച്ചചെയ്യപ്പെട്ട പുഴു എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. സമ്പൂർണമായ ഈ പൊലീസ് കഥയിൽ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നീ കഥാപാത്രങ്ങളെയാണ് സൗബിൻ ഷാഹിറും നവ്യ നായരും അവതരിപ്പിക്കുന്നത്.
രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങൾ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഷാജി മാറാടാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്. ശബരിഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം - ജേയ്ക്സ് ബിജോയ്. ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ. എഡിറ്റിങ് - ശ്രീജിത്ത് സാരംഗ്. കലാസംവിധാനം - ദിലീപ് നാഥ്. ചമയം - ഷാജി പുൽപ്പള്ളി. കോസ്റ്റ്യും ഡിസൈൻ -ധന്യ ബാലകൃഷ്ണൻ. സംഘട്ടനം പി.സി. സ്റ്റണ്ട്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ. അസോസിയേറ്റ് ഡയറക്ടർ -സിബിൻ രാജ്. പരസ്യകല - യെല്ലോ ടൂത്ത്. പ്രോജക്റ്റ് ഹെഡ് -റിനി അനിൽകുമാർ. പ്രൊഡക്ഷൻ മാനേജർ -ജോബി ജോൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -രാജേഷ് സുന്ദരം. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഫോട്ടോ-നവീൻ മുരളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

