'കുച്ച്കുച്ച് ഹോതാ ഹെ' യിലെ ആ കുസൃതിക്കുടുക്ക വളർന്ന് ഇപ്പോൾ കല്യാണമായി..
text_fieldsമുംബൈ: ബോളിവുഡിലെ ഹിറ്റ് സിനിമകളിലൊന്നായ 'കുച്ച്കുച്ച് ഹോതാ ഹെ..' കണ്ടവരൊന്നും ആ കുസൃതിക്കുടുക്കയെ മറന്നിട്ടുണ്ടാവില്ല. ഷാറൂഖ് ഖാനും കാജലും റാണി മുഖർജിയും തകർത്തഭിനയിച്ച സിനിമയിലെ ആറു വയസ്സു മാത്രമുള്ള പഞ്ചാബി ബാലനെ ഇഷ്ടപ്പെടാത്തവർ ചുരുക്കം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ആ ബാലനെ കുരുന്നുപ്രായത്തിൽ വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിച്ചത് പർസാൻ ദസ്തൂർ ആയിരുന്നു.
1998 ഒക്ടോബർ 16ന് റിലീസായ സിനിമയിലെ ഈ ബാലതാരം ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത് കല്യാണവിശേഷങ്ങളുമായാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പർസാൻ തെൻറ വിവാഹത്തെക്കുറിച്ച് അറിയിച്ചത്. കാമുകി ഡെൽന ഷ്റോഫുമായി അടുത്ത വർഷം ഫെബ്രുവരിയിൽ വിവാഹം നടക്കുന്ന വിവരമാണ് 28കാരനായ പർസാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഡെൽനയുമൊത്ത് ബീച്ചിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു പോസ്റ്റ്. മുംബൈയിലെ പാർസി കുടുംബാംഗമാണ് പർസാൻ.
കുച്ച് കുച്ച് ഹോതാ ഹെയിലെ ഒന്നും മിണ്ടാത്ത പഞ്ചാബി ബാലനായുള്ള പർസാെൻറ വേഷം രാജ്യവ്യാപകമായി ഏറെ ആരാധകരെ നേടിക്കൊടുത്തിരുന്നു. ഒടുവിൽ കണ്ണീരോടെ 'തുസീ ജാ രഹേ ഹോ? തുസീ നാ ജാവോ..' (നിങ്ങൾ പോകുകയാണോ? നിങ്ങൾ പോകരുത്) എന്ന് പറയുന്ന ഡയലോഗും സിനിമയിലെ എക്കാലവും ഓർമിക്കുന്ന ഒന്നായി മാറി. സൽമാൻ ഖാൻ, അനുപം ഖേർ, ഫരീദ ജലാൽ, റീമ ലാഗൂ, അർച്ചന പൂരൺ സിങ് എന്നിവരും കുച്ച് കുച്ച് ഹോതാഹെയിൽ അഭിനയിച്ചിട്ടുണ്ട്.
ഒരുപാട് പരസ്യചിത്രങ്ങളിലും അക്കാലത്ത് പർസാൻ മുഖംകാണിച്ചു. കഹോനാ പ്യാർഹെ, മൊഹബ്ബത്തേൻ, സുബൈദാ, കഭീ ഖുഷീ കഭീ ഗം, ഹാഥീ കാ അണ്ഡാ, ഹം തും, പർസാനിയ, എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

