25 കോടി ക്ലബ്ബിൽ ഇടംനേടി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'; ആദ്യ പൊലീസ് വേഷത്തിൽ തിളങ്ങി പാർവതി
text_fieldsപാർവതി തിരുവോത്ത് ആദ്യമായി പൊലീസ് ഓഫീസറുടെ കുപ്പായമണിഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്നു. സെപ്റ്റംബർ 11-ന് പ്രദർശനത്തിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ 25 കോടി ക്ലബ്ബിൽ ഇടംനേടിയതായി അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു.
തന്റെ ഇരുപത് വർഷ നീണ്ട സിനിമാ ജീവിതത്തിൽ പാർവതി ആദ്യമായാണ് പൊലീസ് വേഷത്തിലെത്തുന്നത്. ആശ്രിത നിയമനത്തിലൂടെ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിക്കുന്ന ഒരു യുവതിയുടെ ഔദ്യോഗിക ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിലുള്ള അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്ത ഈ ചിത്രം 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിച്ചിരിക്കുന്നത്. 'ഉള്ളൊഴുക്കി'ന് ശേഷം പാർവതി തിരുവോത്തും 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീത സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ബോക്സ് ഓഫീസിലും നിരൂപക പ്രശംസയിലും ഒരുപോലെ മുന്നേറുന്ന ചിത്രം വരും ദിവസങ്ങളിലും തിയേറ്ററുകളിൽ വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

