പ്രിയന്റെ ‘ഹേര ഫേരി 3’യിൽനിന്ന് മുങ്ങി പരേഷ് റാവൽ; നോട്ടീസയച്ച് അക്ഷയ്
text_fieldsപ്രിയദർശൻ, അക്ഷയ് കുമാർ, പരേഷ് റാവൽ
മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെ ബോളിവുഡ് ഹിറ്റ് സിനിമ ഹേര ഫേരിയുടെ മൂന്നാം പതിപ്പിന്റെ ചിത്രീകരണത്തിന് തൊട്ടുമുമ്പ്, പ്രധാന അഭിനേതാക്കളിലൊരാളായ പരേഷ് റാവലിന്റെ പിൻമാറ്റം വിവാദമാകുന്നു. ചിത്രത്തിലെ നായകകഥാപാത്രവും നിർമാതാവുമായ അക്ഷയ് കുമാർ, പരേഷ് റാവലിന്, 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. കരാർ ലംഘിച്ചുവെന്നും ചിത്രത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് പരേഷിനെതിരെ അക്ഷയ് കുമാറിന്റെ ആരോപണം. സംഭവത്തിൽ ആദ്യമായി പ്രതികരിച്ച പ്രിയദർശൻ, പണം മുടക്കിയ അക്ഷയ്ക്ക് നിയമനടപടിയെടുക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞു.
‘പരേഷ് ഞങ്ങളെ അറിയിക്കാതെ പിൻമാറിയത് എന്തുകൊണ്ടെന്ന് അറിയില്ല. മൂന്നാംപതിപ്പ് ആരംഭിക്കുന്നതിന് മുമ്പുതന്നെ, പരേഷിന്റെയും സുനിൽ ഷെട്ടിയുടെയും ലഭ്യത ഉറപ്പാക്കാൻ അക്ഷയ് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാനത് ഉറപ്പാക്കുകയും ചെയ്തു.’ -പ്രിയദർശൻ വിവരിക്കുന്നു. തനിക്കൊന്നും നഷ്ടപ്പെടാനില്ലെന്നും പണം നഷ്ടപ്പെടുന്ന അക്ഷയ് നിയമനടപടി സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും വ്യക്തമാക്കിയ പ്രിയൻ, സംഭവത്തിനുശേഷം പരേഷ് ഇതുവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, തനിക്കിതിനെപ്പറ്റി അറിയില്ലെന്നായിരുന്നു പരേഷ് റാവലിന്റെ പ്രതികരണം. ‘ഞങ്ങൾ മൂവരും ചേർന്ന് ഒരു മികച്ച കോംബിനേഷൻ സൃഷ്ടിച്ചു. പ്രിയദർശൻജിയുമായി എനിക്കൊരു പ്രശ്നവുമില്ല. ഭാവിയിലും അദ്ദേഹവുമായി ഒന്നിച്ചു പ്രവർത്തിക്കും’ -പരേഷ് പറയുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയോടെ, പ്രിയനുമായല്ല, അക്ഷയ് കുമാറുമായാണ് പരേഷിന്റെ പ്രശ്നമെന്നാണ് ബോളിവുഡിലെ സംസാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

