‘പരാശക്തി’യുടെ ഒ.ടി.ടി അവകാശങ്ങൾ വിറ്റുപോയത് വൻവിലയ്ക്ക്; ശിവകാർത്തികേയന്‍റെ കരിയറിലെ ഏറ്റവും വലിയ ബിസിനസ് ചിത്രം
text_fieldsസുധ കൊങ്കരയുടെ സംവിധാനത്തിൽ തിയറ്ററിലെത്തുന്ന ശിവകാർത്തികേയൻ ചിത്രം പരാശക്തിയുടെ ഒ.ടി.ടി അവകാശങ്ങൾ വിറ്റുപോയത് വൻവിലയ്ക്ക്. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം സീ ഫൈവ്, ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങൾ 52 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നാണ്. ശിവകാർത്തികേയൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തുകക്ക് വിറ്റഴിച്ച ചിത്രം കൂടെയാണിത്.
കലൈഞ്ജർ ടി.വിയാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയത്. ശിവകാർത്തികേയന്റെ 25-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒ.ടി.ടിയിലെ റെക്കോഡ് ഡീലും സാറ്റ്ലൈറ്റ് അവകാശങ്ങളും പരാശക്തിയുടെ പ്രീ-റിലീസ് ബിസിനസിന് പണം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
തമിഴ്‌നാട്ടിലെ ഹിന്ദി പ്രതിഷേധത്തെക്കുറിച്ച് രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. 1965ൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ശിവകാർത്തികേയൻ ഒരു വിപ്ലവകാരിയായ വിദ്യാർഥിയായി പ്രത്യക്ഷപ്പെടുന്നു. നടൻ രവി മോഹൻ വില്ലൻ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നടി ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രവുമാണിത്.
അഥർവ്, ബേസിൽ ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഇതിനോടകം ചിത്രത്തിലെ രണ്ട് ഗാനങ്ങൾ സംഗീത പ്ലാറ്റ്‌ഫോമുകളിൽ പുറത്തിറങ്ങി, ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. പൊങ്കൽ ലക്ഷ്യമിട്ട് തിയറ്ററിൽ എത്തുന്ന ചിത്രം വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രവുമായി ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

