രണ്ടാം ദിനം കലക്ഷൻ കുറഞ്ഞു; 20 കോടി കടന്ന് ശിവകാർത്തികേയന്‍റെ പരാശക്തി
text_fieldsശിവകാർത്തികേയന്‍റെ ഏറ്റവും പുതിയ ചിത്രമാണ് പരാശക്തി. ആദ്യ ദിവസം 12.25 കോടി കലക്ഷനാണ് ചിത്രം നേടിയത്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ദിവസം കലക്ഷൻ അൽപം കുറഞ്ഞു. രണ്ടാം ദിവസം 10.15 കോടിയാണ് ചിത്രം നേടിയത്. രണ്ട് ദിവസം കൊണ്ട് ലോകമെമ്പാടുമായി 22 കോടി രൂപയിലധികം പരാശക്തി നേടി.
റിലീസിന് മുമ്പ് സെൻസർ ബോർഡിന്റെ നടപടി നേരിട്ടതോടെ സിനിമ പ്രശ്‌നങ്ങൾ നേരിട്ടു. 25 കട്ടുകൾ വരുത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
സുരറൈ പോട്രുവിന് ശേഷം സുധ കൊങ്കരെ സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരായ പ്രതിഷേധ രംഗങ്ങൾ വെട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പരാശക്തിക്ക് പ്രദർശനാനുമതി നൽകാതിരുന്നത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ നിർമിച്ച ചിത്രത്തിൽ പ്രതിഷേധങ്ങൾ ചിത്രീകരിക്കുന്ന രംഗങ്ങളിൽ ഉൾപ്പെടെ നിരവധി വെട്ടിച്ചുരുക്കലുകൾ നടത്താൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.
പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. നടൻ രവി മോഹൻ വില്ലൻ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നടി ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രവുമാണിത്. സീ ഫൈവ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങൾ 52 കോടി രൂപക്ക് സ്വന്തമാക്കിയെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ശിവകാർത്തികേയൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തുകക്ക് വിറ്റഴിച്ച ചിത്രം കൂടെയാണിത്. ശിവകാർത്തികേയന്റെ 25-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

