പള്ളിക്കുള്ളിലെ പ്രണയരംഗം വികാരം വ്രണപ്പെടുത്തി; പരം സുന്ദരിക്ക് ക്രിസ്ത്യൻ സംഘടനയുടെ വിമർശനം
text_fieldsസിദ്ധാർഥ് മൽഹോത്രയും ജാൻവി കപൂറും ഒന്നിച്ച, തുഷാർ ജലോട്ട സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'പരം സുന്ദരി'. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതോടെ, വലിയ വിമർശനമാണ് ചിത്രം നേരിടുന്നത്. കത്തോലിക്ക വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാൽ ചിത്രത്തിലെ ഒരു രംഗം നീക്കം ചെയ്യണമെന്ന് ക്രിസ്ത്യൻ സംഘടനയായ വാച്ച്ഡോഗ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
ചിത്രത്തിലെ ഒരു പ്രണയരംഗം പള്ളിയിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ രംഗം നീക്കം ചെയ്യണമെന്നാണ് സംഘത്തിന്‍റെ ആവശ്യം. മുംബൈ പൊലീസ്, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സി.ബി.എഫ്.സി), ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, മഹാരാഷ്ട്ര സർക്കാർ എന്നിവർക്ക് ആവശ്യം ഉന്നയിച്ച് സംഘം കത്തെഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സിനിമയിൽ നിന്ന് മാത്രമല്ല, പ്രൊമോഷണൽ വിഡിയോകളിൽ നിന്നും, ട്രെയിലറിൽ നിന്നും, ഗാനങ്ങളിൽ നിന്നും ഈ രംഗം നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.
എല്ലാ ക്രിസ്ത്യാനികൾക്കും പള്ളി പുണ്യ ആരാധനാലയമാണെന്നും അത്തരമൊരു സ്ഥലത്ത് 'അസഭ്യമായ ഉള്ളടക്കം' കാണിക്കുന്നത് സമൂഹത്തെ വ്രണപ്പെടുത്തുമെന്നും കത്തിൽ പരാമർശിച്ചു. ഇത് ആരാധനാലയത്തിന്റെ ആത്മീയ പവിത്രതയെ അനാദരിക്കുക മാത്രമല്ല, കത്തോലിക്ക സമൂഹത്തിന്റെ സംവേദനക്ഷമതയെ ആഴത്തിൽ വ്രണപ്പെടുത്തുകയും ചെയ്യുന്നതായി കത്തിൽ പറയുന്നു.
സി.ബി.എഫ്.സി എങ്ങനെയാണ് ഈ രംഗത്തിന് അനുമതി നൽകിയതെന്ന് സംഘം ചോദ്യം ചെയ്യുകയും സിനിമയിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മാത്രമല്ല, കത്തോലിക്ക സമൂഹത്തെ വേദനിപ്പിച്ചതിന് നിർമാതാവ്, സംവിധായകൻ, അഭിനേതാക്കൾ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ദിനേശ് വിജന്റെ പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന ചിത്രം 2025 ആഗസ്റ്റ് 29ന് തിയറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

