പാപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എന്‍ട്രി; ഡോ.ബിജുവിന്‍റെ ‘പപ്പ ബുക്ക’ ഓസ്കറിലേക്ക്
text_fieldsഡോ.ബിജു
മൂന്ന് തവണ ഇന്ത്യയുടെ ദേശീയ പുരസ്‌കാരം നേടിയ ഡോ.ബിജു സംവിധാനം ചെയ്ത പപ്പുവ ന്യൂ ഗിനി- ഇന്ത്യ സംയുക്ത നിര്‍മാണത്തിലുള്ള 'പപ്പ ബുക്ക' ഓസ്കറിലേക്ക്. 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എന്‍ട്രിയായി ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. പപ്പുവ ന്യൂ ഗിനിയുടെ ഓസ്കര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.
പപ്പുവ ന്യൂ ഗിനിയുടെ ടൂറിസം-കൾച്ചറൽ മിനിസ്റ്റർ ബെൽഡൺ നോർമൻ നമഹ്, പപ്പുവ ന്യൂ ഗിനി നാഷണല്‍ കള്‍ച്ചറല്‍ കമീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട, പപ്പുവ ന്യൂ ഗിനി ഓസ്കാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡോൺ നൈൽസ് എന്നിവര്‍ ആണ് സിനിമ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് പപ്പുവ ന്യൂ ഗിനി ഓസ്കറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്.
പപ്പ ബുക്ക പൂര്‍ണമായും പപ്പുവ ന്യൂ ഗിനിയില്‍ ആണ് ചിത്രീകരിച്ചത്. പപ്പുവ ന്യൂ ഗിനിയന്‍ ഭാഷയായ ടോക് പിസിന് ഒപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തിലുണ്ട്. പപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫയുടെ ബാനറില്‍ നോലെന തൌലാ വുനം ഇന്ത്യന്‍ നിര്‍മാതാക്കളായ അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷന്‍സ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ (സിലിക്കന്‍ മീഡിയ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2025 പപ്പുവ ന്യൂ ഗിനി സ്വാതന്ത്ര്യം നേടിയതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ ആദ്യമായി ഒരു സിനിമ ഓസ്കറിന് അയക്കാന്‍ സാധിക്കുന്നത് പപ്പുവ ന്യൂ ഗിനിയിലെ സിനിമാ മേഖലക്ക് വലിയ കരുത്ത് നൽകുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ 'പപ്പ ബുക്ക'യെ അവതരിപ്പിക്കുന്നത് 85 വയസ്സുള്ള പപ്പുവ ന്യൂ ഗിനിയിലെ ട്രൈബല്‍ വിഭാഗത്തില്‍ നിന്നുമുള്ള സിനെ ബൊബോറൊ ആണ്. ഇന്ത്യയില്‍നിന്നും പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബര്‍ത്തി, മലയാളി നടന്‍ പ്രകാശ് ബാരെ എന്നിവര്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ജോണ്‍ സൈക്, ബാര്‍ബറ അനാറ്റു, ജേക്കബ് ഒബുരി, സാന്ദ്രാ ദാവുമ, ക്ലെമന്റ് ജിമാ, മാക്സ് മാസോ തുടങ്ങിയവര്‍ ആണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മൂന്നു തവണ ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുള്ള റിക്കി കേജ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

